ഫ്ളാറ്റിലെ അഗ്നിബാധ: യുഎസിൽ മൂന്നംഗ മലയാളികുടുംബം മരിച്ചു
Thursday, October 27, 2016 10:34 PM IST
ചേർത്തല: അമേരിക്കയിൽ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയിൽ ചേർത്തല സ്വദേശികളായ മൂന്നംഗ മലയാളികുടുംബം മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

പട്ടണക്കാട് പുതിയകാവ് സ്കൂളിനു സമീപം ഗീതാഞ്ജലിവീട്ടിൽ ദാമോദരൻപിള്ളയുടെ മകൻ ഡോ. വിനോദ് ബി. ദാമോദരൻ(44), ഭാര്യ ശ്രീജ(38), മകൾ ആർദ്ര(13) എന്നിവരാണ് അപകടത്തിൽപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചത്.

ഇവർ താമസിച്ചിരുന്ന ന്യൂജേഴ്സി ഹിൽസ്ബരോ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ചയാണ് അഗ്നിബാധയുണ്ടായി 20ഓളം പേർ മരിച്ചത്. മൂന്നു പേരുടേത് ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ദിവസവും നാട്ടിലേക്കു ഫോൺ ചെയ്തിരുന്ന ഇവർ തിങ്കളാഴ്ച മുതൽ വിളിക്കാതാവുകയും അങ്ങോട്ടു വിളിച്ചിട്ടു കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആശങ്കയിലായിരുന്നു. ന്യൂജഴ്സിയിലെ റട്ജേഴ്സ് സർവകലാശാലയിലെ റിസർച്ച് സയന്റിസ്റ്റാണു ദാമോദരൻ. ബന്ധുക്കൾ സർവകലാശാലയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ടത് ഇവർ തന്നെയാണെന്ന സൂചന ലഭിച്ചത്.

തുടർന്ന് എംബസി, നോർക്ക, മലയാളി അസോസിയേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ടു സ്ഥിരീകരണത്തിനു ശ്രമിക്കുകയാണു വീട്ടുകാർ. കഴിഞ്ഞ ഏപ്രിലിലാണ് ഇവർ നാട്ടിൽ അവസാനമായി വന്നത്. നേരത്തെ മുംബൈയിൽ ജോലി ചെയ്തിരുന്ന ഡോ. വിനോദ് എട്ടു വർഷം മുമ്പാണു കുടുംബസമേതം അമേരിക്കയിലേക്കു പോയത്. ഭാര്യ ശ്രീജ തിരുവല്ല പൊടിയാടി സ്വദേശിനിയാണ്. മകൾ: ആർദ്ര അവിടെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.