ഡാളസ് അമ്മ മലയാളം സാഹിത്യസമ്മേളനം: തമ്പി ആന്റണി, ജോൺ പിച്ചാപ്പിള്ളി എന്നിവരെ ആദരിച്ചു
Thursday, October 27, 2016 4:47 AM IST
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ നടക്കുന്ന അമ്മ മലയാളം സാഹിത്യ സാംസ്ക്കാരിക സമ്മേളനത്തിൽ നടനും കഥാകൃത്തും തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോൺ പിച്ചാപ്പിള്ളി എന്നിവരെ ആദരിച്ചു.
സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) അവാർഡുകൾ സമ്മാനിച്ചു.

അമേരിക്കൻ മലയാള മണ്ണിൽ നിന്നും കേരളീയ അക്ഷരങ്ങളുടെയും കലയുടെയും തൊടുകുറി സ്വന്തം ഹൃദയത്തിൽ ഏറ്റു വാങ്ങി കേരളത്തിലെ മുഖ്യ ധാരാ എഴുത്തുകാരനും നടനുമായിത്തീർന്ന തമ്പി ആന്റണി സ്വന്തം അനുഭവങ്ങളെ ചുണ്ടികൊണ്ട് കാലികമായ സാഹിത്യ സിനിമാ അനുഭവങ്ങളെക്കുറിച്ചു സംസാരിച്ചു.

മുന്നു ദശാബ്ദങ്ങളായി കാനഡയിലെ ഹാലിഫാക്സിൽ സംഗീതവും സാഹിത്യവും ഗ്രന്ഥരചനയുമായി വസിക്കുന്ന ഫാ. ജോൺ പിച്ചാപ്പിള്ളിയും മലയാളത്തിന്റെ സംഗീത ഗന്ധർവ്വൻ ദാസേട്ടനും ചേർന്ന് എഴു സംഗീത ആൽബങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്. വേദങ്ങളും ഉപനിഷത്തുകളും നൽകിയ ആത്മീയ ശബ്ദ സാമ്രാജ്യങ്ങളുടെ ആർഷതയെ പരാമർശിച്ചുകൊണ്ട് അക്ഷരങ്ങളിലെ ആത്മീയത എന്ന വിഷയത്തെ മുൻ നിർത്തി സാംസാരിച്ചു.



അക്ഷരസമുഹത്തോടും സാമാന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങൾ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോർത്ത് അമേരിക്കയിൽ വളർന്നു വരേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തിയാണ് അസോസിയേഷൻ ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്നു അസോസിയേഷൻ പ്രസിഡന്റ ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു. സെക്രട്ടറി സാം മത്തായി, രവി എടത്വ, രാജു ചാമത്തിൽ, ബിജു തോമസ് എന്നിവർ പരിപാടികൾക്കു നേതൃത്വമേകി.