ഫൊക്കാന മിഡ്വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റായി ഫ്രാൻസീസ് കിഴക്കേക്കുറ്റിനെ തെരഞ്ഞെടുത്തു
Thursday, October 27, 2016 4:43 AM IST
ഷിക്കാഗോ: ഫിലാഡൽഫിയയിൽ നടന്ന ഫൊക്കാന നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പിൽ മിഡ്വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റായി ഷിക്കാഗോയിൽ നിന്നുള്ള ഫ്രാൻസീസ് കിഴക്കേക്കുറ്റിനെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. ഷിക്കാഗോയിലെ സാമൂഹ്യ രംഗത്ത് വിവിധ മേഖലകളിൽ ദീർഘനാളായി പ്രവർത്തിച്ചുവരുന്ന ആളാണ് പുതിയ റീജന്റെ വൈസ് പ്രസിഡന്റായ ഫ്രാൻസീസ് കിഴക്കേക്കുറ്റ്.

യുണൈറ്റഡ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്, യു.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ച് സംഘടനാ രംഗത്ത് മികവു പുലർത്തിയിട്ടുണ്ട്. ഇപ്പോൾ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് അലുംമ്നി അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു. സംഘടനാ രംഗത്തുള്ള അദ്ദേഹത്തിന്റെ മികച്ച പരിചയവും, നേതൃപാടവവും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്‌തിപകരുമെന്നു നാഷണൽ പ്രസിഡന്റ് തമ്പി ചാക്കോ അനുമോദന സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

ഫൊക്കാന നാഷണൽ കമ്മിറ്റിയുടെ ഓഡിറ്ററായി ടോമി അംബേനാട്ടിനേയും, സനിൽ ഗോപിനാഥിനേയും തെരഞ്ഞെടുത്തു. ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ മുൻ വൈസ് പ്രസിഡന്റുകൂടിയായ ടോമി അംബേനാട്ട് ഇപ്പോൾ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റുകൂടിയാണ്. ഏബ്രഹാം വർഗീസ് (ഷിബു വെൺമണി)– അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി, വിജി എസ്. നായർ (നാഷണൽ കമ്മിറ്റി മെമ്പർ) എന്നിവരാണ് ഷിക്കാഗോയിൽ നിന്നുള്ള മറ്റു നാഷണൽ കമ്മിറ്റി ഭാരവാഹികൾ.

ഫിലാഡൽഫിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഷിക്കാഗോയിൽ നിന്നുള്ള പ്രതിനിധികളായ മറിയാമ്മ പിള്ള, സന്തോഷ് നായർ, ടോമി അംബേനാട്ട്, സിറിയക് കൂവക്കാട്ടിൽ, അനിൽകുമാർ പിള്ള, സതീശൻ നായർ, ഷിബു മുളയാനികുന്നേൽ, ഫ്രാൻസീസ് കിഴക്കേക്കുറ്റ്, ഏബ്രഹാം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം