ഇമ്മാനുവൽ മാർത്തോമ ചർച്ച് ‘ഇന്ത്യ ഫെസ്റ്റ് 2016’ ഒക്ടോബർ 29ന്
Wednesday, October 26, 2016 7:07 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടുന്ന ‘ഇന്ത്യ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 29ന് (ശനി) രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെ നീളുന്ന ഇന്ത്യാ ഫെസ്റ്റ് ആഘോഷങ്ങൾ സ്റ്റാഫോഡിലുളള ഇമ്മാനുവൽ മാർത്തോമ ദേവാലയ പരിസരത്താണ് നടക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന പരിപാടികൾ ഇന്ത്യ ഫെസ്റ്റിനു മികവ് നൽകും. ഇന്ത്യയിലെ വിവിധ രുചിഭേദങ്ങളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ സ്റ്റാളുകൾ ഫെസ്റ്റിന്റെ പ്രത്യേകതയാണെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണിലെ പ്രമുഖ കലാപ്രതിഭകൾ ആകർഷകമായ കലാപരിപാടികളുമായി വേദി കീഴടക്കുമ്പോൾ ടെക്സസിലെ പ്രശസ്ത മ്യൂസിക് ട്രൂപ്പായ വോയിസ് ആൻഡ് ബീറ്റ്സിന്റെ ഗാനമേള ഇന്ത്യ ഫെസ്റ്റിനെ സംഗീത സാന്ദ്രമാക്കും.

മേളയിൽ നിന്നും ലഭിക്കുന്ന വരുമാനം ഇടവകയുടെ ബിൽഡിംഗ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികൾക്കുമായി ഉപയോഗിക്കുമെന്ന് ജനറൽ കൺവീനർ സബാൻ സാം അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ