2018 ഫുട്ബോൾ ലോകകപ്പിന് ഭാഗ്യചിഹ്നം ‘ചെന്നായ’
Monday, October 24, 2016 8:06 AM IST
ബർലിൻ: 2018ൽ റഷ്യ ആതിഥ്യം വഹിക്കുന്ന ഫുട്ബോൾ ലോക കപ്പിനുള്ള ഭാഗ്യചിഹ്നമായി ചെന്നായയെ തെരഞ്ഞെടുത്തു. സബിവാക എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. സ്കോറുകൾ ഒരു ഹിറ്റ് (ഉലൃ ലശിലി ഠൃലളളലൃ ലൃ്വശല) എന്നാണ് സബിവാകയുടെ അർഥം. മോസ്കോയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഒരു കടുവയും ഒരു പൂച്ചയുമാണ് ചെന്നായയുമായി കടുത്ത മത്സരത്തിലുണ്ടായിരുന്നത്. എന്നാൽ, 53 ശതമാനം വോട്ട് നേടി ചെന്നായ ബഹുദൂരം മുന്നിലെത്തിയപ്പോൾ കടുവയ്ക്ക് 27 ശതമാനവും പൂച്ചയ്ക്ക് 20 ശതമാനവും വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

റഷ്യൻ കുട്ടികളുടെ ഇഷ്ടഭാജനമാണ് ചെന്നായ്കുട്ടികൾ. അതുകൊണ്ടുതന്നെ ഓൺലൈനിൽ നടത്തിയ ചോദ്യാവലിയിലും ഭാഗ്യതാരമായ ചെന്നായ മുന്നിട്ടു നിന്നിരുന്നതായി ഫിഫ ജനറൽ സെക്രട്ടറി ഫാത്മ സമോറ പറഞ്ഞു.

റഷ്യൻ വേൾഡ് കപ്പ് ഫുട്ബോൾ ആരംഭിക്കാൻ 18 മാസം ബാക്കി നിൽക്കെ മൽസരത്തിന്റെ വിശാലമായ പ്രോജക്ടുകൾ താമസിയാതെ തുടങ്ങുമെന്നു റഷ്യൻ കായിക മന്ത്രി വിറ്റാലി മുട്കോ അറിയിച്ചു.

റഷ്യൻ വേൾഡ് കപ്പിലേയ്ക്കുള്ള യോഗ്യതാ മൽസര റൗണ്ടുകൾ നേരത്തെ തുടങ്ങിയിരുന്നു. സൗത്ത് അമേരിക്കയിൽ 10 രാജ്യങ്ങളാണ് യോഗ്യതാ മൽസരങ്ങളിൽ പങ്കെടുക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ 45 ടീമുകൾ തമ്മിലുള്ള മൽസരം ഈ വർഷം ഓഗസ്റ്റിൽ തുടങ്ങിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ 54 ടീമുകൾ സെപ്റ്റംബർ മുതലും ആഫ്രിക്കൻ വൻകരയിലെ 53 ടീമുകൾ ഒക്ടോബർ മുതലും മാറ്റുരയ്ക്കൽ ആരംഭിച്ചു. നോർത്ത്, മധ്യ അമേരിക്കൻ, കരീബിക് രാജ്യങ്ങളിലെ 35 ടീമുകൾ നവംബറിലും ഓഷ്യാനിക് രാജ്യങ്ങളിലെ 11 ടീമുകൾ 2017 മാർച്ചിലും യോഗ്യതാ മൽസരങ്ങൾ ആരംഭിക്കും.

2018 ജൂൺ 14 മുതൽ ജൂലൈ 15 വരെയാണ് റഷ്യയിലെ വേൾഡ് കപ്പ് ഫുട്ബോൾ അരങ്ങേറുക. മോസ്കോയുൾപ്പടെ 12 സ്റ്റേഡിയങ്ങളിലാണ് 64 മൽസരങ്ങൾ. ഉദ്ഘാടന, ഫൈനൽ മൽസരങ്ങൾ മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലും.

2017 ൽ നടക്കുന്ന കോൺഫെഡറേഷൻസ് കപ്പിലും സബിവാക തന്നെയാവും ഭാഗ്യചിഹ്നം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ