ആർഭാടരഹിത തിരുനാളും ജൂബിലിയും ആഘോഷിച്ചു
Monday, October 24, 2016 3:08 AM IST
ന്യൂഡൽഹി: ഫരീദാബാദ് –ഡൽഹി രൂപതയിലെ കിംഗ്സ്വേ ക്യാമ്പ് ബ്ലസ്ഡ് സാക്രമെന്റ് പള്ളിയിൽ ലാളിത്യത്തിനു പുത്തൻ മാതൃക നൽകി ഇടവകതിരുനാളും ജൂബിലിയും ഒക്ടോബർ 21, 22, 23 തീയതികളിൽ ആഘോഷിച്ചു.

മൂന്നു ദിവസം നീണ്ടു നിന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 21ന് വികാരി ഫാ. മാത്യു കിഴക്കേച്ചിറ കൊടിയേറ്റുകർമം നിർവഹിച്ചു. 25 ദിവസം നോമ്പ് നോറ്റും, 25 പാവപ്പെട്ട കുടുംബങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണവും സമ്മാനങ്ങളും നൽകിയും സമ്പത്തിന്റെ ഒരംശം മിഷൻ പ്രവർത്തനങ്ങൾക്ക് മാറ്റി വച്ചും 25 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തിയും 25 പ്രസുദേന്തിമാരുടെ നേതൃത്വത്തിലാണ് ജൂബിലി ആഘോഷിച്ചത്.

പ്രധാന തിരുനാൾ ദിനമായ 23ന് ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, 25 വർഷം അർപ്പിക്കപ്പെട്ട ദിവ്യബലികളെ പ്രതിനിധീകരിച്ചു പ്രത്യേകം ക്ഷണിക്കപ്പെട്ട 25 വൈദികരോടൊപ്പം വിശുദ്ധ കുർബാന അർപ്പിച്ചു. ജൂബിലി ആഘോഷങ്ങളുടെ വ്യത്യസ്തതയും ഇടവകനജനത്തിന്റെ വിശ്വാസതീഷ്ണതയും രൂപതയ്ക്കുവേണ്ടിയുള്ള അവരുടെ പ്രയത്നങ്ങളെയും പ്രത്യേകം അഭിനന്ദിച്ച മാർ ഭരണികുളങ്ങര, ജൂബിലി മംഗളങ്ങൾ നേർന്നു. സീറോ മലബാർ റീത്തിൽ നിന്നും ലത്തീൻ റീത്തിൽ നിന്നുമുള്ള 25 വൈദികരുടെ കൂട്ടായ്മ തീർത്തും അഭിനന്ദനാർഹമാണെന്നും ഡൽഹിയിലെ ഇരു സഭകളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും ഒരുമിച്ചുള്ള സുവിശേഷ സാക്ഷ്യത്തിന്റെയും ഉദാഹരണമാണിതെന്നും മാർ ഭരണികുളങ്ങര പ്രസംഗത്തിൽ പറഞ്ഞു. ഇടവക വികാരി ഫാ. മാത്യു കിഴക്കേച്ചിറ പിതാവിന് ജൂബിലി മൊമെന്റോ സമ്മാനിച്ചു. തുടർന്ന് ആർഭാടരഹിത തിരുനാൾ പ്രദക്ഷിണവും നടന്നു. ഇടവകയിലെ കുട്ടികളും യുവാക്കളും അമ്മമാരും അപ്പച്ചന്മാരും ചേർന്നു കലാസന്ധ്യക്ക് നേതൃത്വം നൽകി. തുടർന്ന് നോമ്പുതുറയ്ക്കു ശേഷം തിരുനാൾ ആഘോഷങ്ങൾക്ക് വിരാമമായി.

സഭയിലെ കൂദാശപരികർമങ്ങളും തിരുനാൾ ആഘോഷങ്ങളും ലളിതമാക്കണമെന്ന സഭാ സിനഡിന്റെയും സഭാ അധികാരിയുടെയും നിർദേശങ്ങളും ആഹ്വാനങ്ങളും അംഗീകരിച്ചാണ് ഈ കാരുണ്യവർഷത്തിൽ വെടിക്കെട്ടും വാദ്യമേളങ്ങളും ഒഴിവാക്കി ആർഭാടരഹിത തിരുനാൾ ആഘോഷിക്കാൻ ഇടവകജനം ഒന്നായി തീരുമാനമെടുത്തതെന്ന് വികാരി ഫാ. മാത്യു കിഴക്കേച്ചിറ പറഞ്ഞു.