സെന്റ് ജോൺസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ, ബെൽറോസ് ഇടവകയായി ഉയർത്തി
Sunday, October 23, 2016 3:07 AM IST
ന്യൂയോർക്ക്: രണ്ടു വർഷങ്ങൾക്കുമുൻപ് ന്യൂയോർക്ക് ബെൽറോസിൽ നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസുകളോടെ രൂപംകൊണ്ട സെന്റ് ജോൺസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ അതിന്റെ രണ്ടാമത് വാർഷികദിനത്തിൽ ഇടവകയായി ഉയർത്തി.

സഖറിയാസ് മാർ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന വി. കുർബാനയ്ക്കുശേഷം ഭദ്രാസന ചാൻസിലർ റവ. ഫാ. തോമസ് പോൾ ഇടവക മെത്രാപ്പോലീത്തയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചുകൊണ്ടുള്ള കല്പന വായിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, കഴിഞ്ഞ രണ്ടുവർഷക്കാലം ഇടവകയുടെ രൂപീകരണത്തിനുവേണ്ടി പ്രവർത്തിച്ച ഇടവകവികാരി റവ. ഫാ. എം.കെ. കുര്യാക്കോസിന്റെയും ഇടവകയുടെ ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ റവ. ഫാ. എൽദോ ഏലിയാസിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി.

ഭദ്രാസന ചാൻസിലർ റവ. ഫാ. തോമസ് പോൾ തന്റെ അനുമോദന പ്രസംഗത്തിൽ ഇടവകയുടെ രൂപീകരണവേള മുതൽ അർപ്പണബോധത്തോടുകൂടി കാണിച്ച പ്രവർത്തനങ്ങളും സഭയുടെ ഭാഗമായി സഭയോടും ഭദ്രാസന മെത്രാപ്പോലീത്തയോടുമുള്ള അനുസരണത്തിൽ പ്രവർത്തിക്കുന്ന ഒരു മാതൃകഇടവകയായി വളർന്നതിലുള്ള സന്തോഷവും അറിയിച്ചു. തുടർന്നു സംസാരിച്ച സഭാ മാനേജിംഗ് കമ്മറ്റിയംഗം പോൾ കറുകപ്പള്ളിൽ തന്റെ ആശംസാപ്രസംഗത്തിൽ ആത്മീയത നിറഞ്ഞ ആരാധനയിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ ഇടവകാംഗങ്ങളെ അനുമോദിക്കുകയും വലിയ ദേവാലയമായി മാറുന്നതിലുപരി ആത്മീയതയിൽ നിറഞ്ഞ് പരസ്പരസ്നേഹത്തോടെ മുൻപോട്ട് പോകുവാനും കഴിയട്ടെ എന്നു ആശംസിച്ചു.

ഇടവക ട്രസ്റ്റി ജേക്കബ് ജോർജ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജേക്കബ് ജോൺ, ഷാജി ചാക്കോ, വിനോയ് യോഹന്നാൻ, ഷിജു ജോൺ, മാത്യു ഏബ്രഹാം, ദീപു പോൾ എന്നിവരോടും ഇടവകാംഗങ്ങളായ ഓരോരുത്തരോടും കൂടാതെ സമീപപ്രദേശങ്ങളിൽ നിന്നും ആരാധനയിലും ഇടവകയുടെ എല്ലാ ആവശ്യങ്ങളിലും പങ്കാളികളാകുന്ന എല്ലാവരോടും ഇടവകയ്ക്കുള്ള നന്ദിയും സ്നേഹവും പ്രകാശിപ്പിച്ചു.



ഇടവകയുടെ പുതിയ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കുന്ന റവ. ഫാ. ദിലീപ് ചെറിയാന് എല്ലാ ഇടവകാംഗങ്ങളുടെയും സ്നേഹവും കരുതലും ഉണ്ടാകണം എന്ന് ഓർമ്മപ്പെടുത്തുകയും പുതിയ വികാരിയുടെ കീഴിൽ കൂടുതൽ ആത്മീയമായി ഇടവക വളരട്ടെ എന്നും ഇടവക മെത്രാപ്പോലീത്ത ആശംസിച്ചു.

എല്ലാ ഞായറാഴ്ചയും രാവിലെ 7.30–നു പ്രഭാത നമസ്ക്കാരവും, 8.30–നു വിശുദ്ധ കുർബാനയും നടന്നുവരുന്ന ഇടവകയുടെ വിലാസം: St. John's Orthodox Church, 8454, 248th Street, Bellerose, NY 11426. കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ദിലീപ് ചെറിയാൻ – 347–831–2880, സജി ഏബ്രഹാം – 917–617–3959, ജേക്കബ് ജോർജ് – 516–610–1163.