ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൽ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി പങ്കെടുക്കും
Friday, October 21, 2016 8:14 AM IST
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് മൂന്നിലെ A-1 പാർക്കിൽ നവംബർ അഞ്ച്, ആറ് (ശനി, ഞായർ) തീയതികളിൽ നടക്കുന്ന പതിനാലാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൽ ചക്കുളത്തുകാവ് മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി പങ്കെടുക്കും.

ശനി 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാദീപാരാധന, 6.45 മുതൽ രമേഷ് ഇളമൺ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടർന്ന് ശനിദോഷ നിവാരണ പൂജ എന്നിവ നടക്കും.

ഞായർ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8.30നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ചക്കുളത്തുകാവ് ട്രസ്റ്റ്, കേരള, ജനറൽ സെക്രട്ടറി ജയകുമാർ തുടങ്ങി തലസ്‌ഥാന നഗരിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥനയോടെ പൊങ്കാലക്കു തുടക്കമിടും. F-1 പാർക്കിലെ നവനിർമിത ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് പകരും.

മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും ഒരുക്കുന്ന വാദ്യമേളങ്ങൾ, ഷാലിമാർ ഗാർഡനിലെയും നോയിഡയിലെയും കുട്ടികൾ ഹരിഗോവിന്ദം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഭക്‌തിഗാനസുധ, വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചക്ക് അന്നദാനം എന്നിവ ഉണ്ടാവും. ചക്കുളത്ത് കാവിൽ നിന്നും പ്രത്യേകം എത്തിച്ചേരുന്ന നമ്പൂതിരിമാരുടെ നേതൃത്വത്തിലാണ് ഇത്തവണയും പൂജാദി കർമങ്ങൾ അരങ്ങേറുക.

ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുവാനായി ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ തുടങ്ങി സമീപ സ്‌ഥലങ്ങളിൽ നിന്നെല്ലാം ഭക്‌തജനങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 9810477949, 8130595922, 9818522615.

റിപ്പോർട്ട്: പി.എൻ. ഷാജി