വിജയമുദ്രയുമായി മീഡിയ പ്ലസ് രംഗത്ത്
Friday, October 21, 2016 4:04 AM IST
ദോഹ: ഖത്തറിൽ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളികളെ പരിചയപ്പെടുത്തുന്ന വിജയ മുദ്ര എന്ന പുതിയ പദ്ധതിയുമായി മീഡിയ പ്ലസ് രംഗത്ത്. എന്നും പുതിയ ആശയങ്ങളും നൂതന സംവിധാനങ്ങളും ഖത്തർ മാർക്കറ്റിൽ അവകരിപ്പിച്ച മീഡിയ പ്ലസ് ടീമിന്റെ പുതിയ പദ്ധതിയായ വിജയ മുദ്ര സംരംഭകർക്കും പൊതുജനങ്ങൾക്കും കൗതുകകരമാകുമെന്ന് മീഡിയ പൾസ് സിഇഒയും വിജയ മുദ്ര ചീഫ് എഡിറ്ററുമായ അമാനുള്ള വടക്കാങ്ങര പറഞ്ഞു.

ഖത്തർ മലയാളി മാന്വൽ എന്ന പ്രസിദ്ധീകരണവേളയിൽ ലഭിച്ച പ്രതികരണങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ടുവരാൻ പ്രേരിപ്പിച്ച ഘടകം. ബഹുവർണ പുസ്തക രൂപത്തിലും ഇലകട്രോണിക് മീഡിയയിലൂടേയും വിവരങ്ങൾ രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയും സാങ്കേതിക സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ലോക മലയാളി സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ കാലദേശാതിർത്തികൾ കടന്ന് ആഗോള മലയാളിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകുന്ന വലിയൊരു സംരംഭമാകുമിതെന്നാണ് അണിയറ ശിൽപികൾ കണക്കുകൂട്ടുന്നത്. കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വിഷ്വൽ മീഡിയ ട്രാക്കിംഗ് സിസ്റ്റം എന്ന സ്‌ഥാപനവുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി വിഷ്വൽ മീഡിയ ട്രാക്കിംഗ് സിസ്റ്റം മാനേജിംഗ് ഡയറക്ടർ സി.കെ. റാഹേൽ ദോഹയിലെത്തി പ്രോജക്ടിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

ഖത്തറിലെ വാണിജ്യരംഗത്ത് ഇന്ന് അറിയപ്പെടുന്ന പലരും ഈ നിലയിലെത്തിയതിന് പിന്നിൽ അശ്രാന്ത പരിശ്രമങ്ങളുടേയും കഷ്‌ടപ്പാടുകളുടേയും ഒട്ടേറെ കഥകളുണ്ട്. ഈ പരിശ്രമ ശാലികളുടെ ചരിത്രവും അനുഭവങ്ങളും പുതിയ തലമുറക്ക് പ്രചോദനമാകുമെന്നതിനാലും ചരിത്രത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഈ ശ്രമത്തിന് പ്രേരകം. ഒരു പക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിൻബലം പോലുമില്ലാതെയാണ് പല ബിസിനസ് പ്രമുഖരും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് മാനേജ്മെന്റ് വിദ്യാർഥികൾക്കും ഗവേഷകർക്കും വരെ കൗതുകം നൽകുന്നതാണ്. പുതുമകൾ എന്നും സ്വാഗതം ചെയ്ത ഖത്തറിലെ മലയാളി സമൂഹം ഈ സംരംഭത്തെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷ. 2017 ജനുവരിയിൽ മീഡിയ പൾസിന്റെ പുതുവൽസര സമ്മാനമായി വിജയമുദ്ര പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.