ഡാളസിൽ അമ്മ മലയാളം സാഹിത്യസംഗമം 22ന്
Thursday, October 20, 2016 8:06 AM IST
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അമ്മ മലയാളം ദേശീയ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ സാമൂഹ്യ കലാ രംഗങ്ങളിൽ മികവു തെളിയിച്ച പ്രമുഖരെ ആദരിക്കുന്നു.

ഒക്ടോബർ 22ന് (ശനി) വൈകുന്നേരം നാലിന് കരോൾട്ടൻ ക്രോസ്ബി ലൈബ്രററി ഓഡിറ്റോറിയത്തിലാണ് പരിപാടി. ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോൺ പിച്ചാപ്പിള്ളി എന്നിവർ പ്രസംഗിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു.

മലയാള ഭാഷയോടും അക്ഷരങ്ങളോടും എതു ജീവിതാവസ്‌ഥയിലും തികഞ്ഞ പ്രതിബദ്ധത പുലർത്തിക്കൊണ്ട് സർഗാത്മകമായ മുന്നു ദശാബ്ദങ്ങളിലൂടെ ഇരുപത്തിഞ്ചോളം കൃതികൾ മലയാളത്തിനായി സമർപ്പിച്ച മാത്യു നെല്ലിക്കുന്ന് കൊടുപ്പുന്ന അവാർഡ്, മഹാകവി ജീ അവാർഡ്, അപ്പൻ തമ്പുരാൻ പുരസ്കാരം, തുടങ്ങി മുപ്പതിലേറെ പുരസ്കാരങ്ങൾക്ക് ഉടമയായിട്ടുണ്ട്. ഇരുപതു വർഷമായി ഭാഷാകേരളം മാസികയുടെ മുഖ്യ പത്രാധിപരായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം ഹൂസ്റ്റൺ റൈറ്റേഴ്സ് ഫോറം സംഘടനയുടെയും ഓൺലൈൻ എഴുത്തു മാസികയുടെയും സ്‌ഥാപകനുമാണ്.

അര നൂറ്റാണ്ടിലേറെയായി ടെക്സസിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് ആദരണീയ സേവനങ്ങൾ അർപ്പിച്ച എലിക്കുട്ടി ഫ്രാൻസിസ്, എസ്എംസിസി മുൻ ദേശീയ ട്രഷററും ഇന്തോ– അമേരിക്കൻ നഴ്സിംഗ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്. ഡാളസിലേക്കുള്ള മലയാളികളായ പുതിയ കുടിയേറ്റ ജനതയ്ക്കു എന്നും ഒരു വഴികാട്ടിയും സഹായിയുമാണ്. അവർ ചെയ്ത നിസ്വാർഥസേവനം അംഗീകാരത്തിനർഹമാണ്.

അമേരിക്കൻ മലയാള ദൃശ്യമാധ്യമ രംഗത്ത് ഏറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള മാധ്യമ പ്രവർത്തകനാണ് രവി എടത്വ. കേരളത്തിലെ എല്ലാ മുഖ്യധാരാ ദൃശ്യമാധ്യമങ്ങൾക്കു വേണ്ടിയും ഫ്രീലാൻസറായി പ്രവർത്തിച്ചുവരുകയാണ്.

പാരമ്പര്യ കേരളീയ നൃത്തകലാ രൂപങ്ങളോടും ഒപ്പം കർണാട്ടിക് സംഗീതത്തോടുമുള്ള പ്രതിബദ്ധത ഉൾക്കൊണ്ട് നൈസർഗീകമായ ക്ലാസിക്കൽ നൃത്ത, സംഗീതാവതരണത്തിലൂടെ നോർത്ത് അമേരിക്കയിലെ ആസ്വാദകരുടെ അംഗീകാരം ഏറ്റു വാങ്ങി പ്രശസ്തിയിലേക്കുയരുന്ന താരമാണ് റോഹിത കൈമൾ.

വിവരങ്ങൾക്ക്: ബിനോയി സെബാസ്റ്റ്യൻ 214 274 5582, സാം മത്തായി 469 450 0718, രാജു ചാമത്തിൽ 469 877 7266.