ഹോളോകോസ്റ്റിന് 75 വർഷം
Thursday, October 20, 2016 8:05 AM IST
ബർലിൻ: നാസിപ്പട ജൂതൻമാരെ ബർലിനിൽനിന്നു കടത്താൻ തുടങ്ങിയിട്ട് ഈയാഴ്ച 75 വർഷം തികയുന്നു. ഇവരെ ഹോളോകോസ്റ്റ് അടക്കമുള്ള കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കു മാറ്റുകയും കൂട്ടക്കുരുതി നടത്തുകയുമായിരുന്നു.

1941 ഒക്ടോബർ 18 നാണ് ജൂതരെ കുത്തിനിറച്ച ആദ്യത്തെ ട്രെയിൻ ഗ്രൂൺവാൾഡ് സ്റ്റേഷനിൽനിന്നു പുറപ്പെട്ടത്. ആയിരം പേർ അതിലുണ്ടായിരുന്നു. നാടുകടത്തുന്നു എന്നും പുനരധിവസിപ്പിക്കുന്നു എന്നുമൊക്കെയുള്ള വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു കൊലക്കളങ്ങളിലേക്കുള്ള ഈ കടത്തൽ.

ഇത്തരത്തിൽ ആകെ 184 ട്രെയിനുകളാണ് പിന്നീടുള്ള നാലു വർഷത്തിനുള്ളിൽ ജർമൻ തലസ്‌ഥാനത്തുനിന്നു പുറപ്പെട്ടത്. ഏകദേശം, 55,000 ജൂതൻമാർ അവയിൽ കടത്തപ്പെട്ടു. ഇവരിൽ ബഹുഭൂരിപക്ഷവും ജീവനോടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽനിന്നു പുറത്തുവന്നില്ല.

1941 മുതൽ 1945 വരെ ജർമനിയിൽ ആകെ അറുപതു ലക്ഷത്തോളം ജൂതർ പീഡിപ്പിക്കപ്പെട്ടു എന്നാണു കണക്ക്. ക്യാമ്പുകളിൽ ഏറെയും ആധുനിക ജർമനിയുടെ അതിർത്തികൾക്കു പുറത്തായിരുന്നു. പ്രധാന കൊലക്കളമായിരുന്ന ഓഷ്വിറ്റ്സ് ഇപ്പോൾ പോളണ്ടിലാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ