രേണു കട്ടൂർ സെക്യൂരിറ്റി അക്കാഡമി ഉപദേശക കൗൺസിൽ അംഗം
Thursday, October 20, 2016 3:22 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ യൂണിവേഴ്സിറ്റി സിസ്റ്റത്തിലെ എട്ടാം ചാൻസലർ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിന്റെ 13–ാമത് പ്രസിഡന്റ് തുടങ്ങിയ ഉന്നത പദവികൾ അലങ്കരിക്കുന്ന ഇന്ത്യൻ അമേരിക്കൻ വനിത രേണു കട്ടൂരിനെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അക്കാഡമിക് അഡ്വൈസറി കൗൺസിൽ അംഗമായി നിയമിച്ചു.

ഒക്ടോബർ 19ന് യുഎസ് സെക്രട്ടറി ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജെ. ജോൺസനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം മാധ്യമങ്ങളെ അറിയിച്ചത്.

2008 ലാണ് കട്ടൂർ യുഎസ് സിസ്റ്റത്തിന്റെ ചുമതലയിൽ പ്രവേശിച്ചത്. രേണുവാണ് ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയുടെ വിദേശിയായ ആദ്യ പ്രസിഡന്റ്. അമേരിക്കയിലെ തന്നെ പ്രധാന യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് നിയമിക്കപ്പെടുന്ന പ്രഥമ ഇന്ത്യൻ അമേരിക്കൻ വനിത കൂടിയാണ് രേണു.

ഉത്തർപ്രദേശിലെ ഫറൂക്കബാദിലാണ് ജനനം. കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും 1973 ൽ ബിരുദമെടുത്തു. തുടർന്ന് അമേരിക്കയിലെത്തിയ രേണു പർഡ്യു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് ഫിലോസഫി കരസ്‌ഥമാക്കി. ഭർത്താവ്: സുരേഷ്. മക്കൾ: പൂജ, പരുൾ.

റിപ്പോർട്ട്: പി.പി. ചെറിയാൻ