ഫോമ നേതൃത്വം ചുമതലയേറ്റു
Thursday, October 20, 2016 3:20 AM IST
ഷിക്കാഗോ: ഫോമയുടെ പുതിയ ഭരണസമിതിയുടെ പ്രതിജ്‌ഞയും കർമപരിപാടികളുടെ ഉദ്ഘാടനവും ഒക്ടോബർ 15ന് നടന്നു. ഷിക്കാഗോയിലെ പാർക്ക്റിഡ്ജിലുള്ള മെയ്ൻ ഈസ്റ്റ് സ്കൂളിൽ നടന്ന പരിപാടി ഫോമ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ് ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഫോമ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ പോൾ സി. മത്തായി, ജുഡീഷ്യൽ കൗൺസിൽ അംഗം അലക്സ് ജോൺ, ജോൺ സി. വർഗീസ്, ഫോമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ദീപം തെളിച്ചു.

ഫോമയുടെ പുതിയ പ്രസിഡന്റ് ബെന്നി വാച്ചാചിറ, ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ, ട്രഷറർ ജോസി കുരിശുങ്കൽ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ എന്നിവർക്ക് ഫോമ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ പോൾ സി. മത്തായി പ്രതിജ്‌ഞാവാചകങ്ങൾ ചൊല്ലിക്കൊടുത്തു. ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറർ ജോമോൻ കളപ്പുരയ്ക്കൽ എന്നിവർക്ക് ഫോമ ജുഡീഷ്യൽ കൗൺസിൽ മെംബർ അലക്സ് ജോൺ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് റീജണൽ വൈസ് പ്രസിഡന്റുമാർക്കും നാഷണൽ കൗൺസിൽ അംഗങ്ങൾക്കും പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് രഞ്ജൻ ഏബ്രാഹം, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ് സാം ജോർജ്, എലിസബത്ത് ചെറിയാൻ (കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ), പീറ്റർ മാത്യു (കുളങ്ങര) (മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ) ബിജി ഇടാട്ട് (കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ) എന്നിവർ സന്നിഹിതരായിരുന്നു.

പരിപാടികളുടെ ഡയമണ്ട് സ്പോൺസർ അലക്സ് മരുവിത്തറയെ പോൾ സി. മത്തായി പൊന്നാടയണിയിച്ച് ആദരിച്ചു. ഗോൾഡൻ സ്പോൺസർ ജോൺ പുതുശേരിയേയും പത്നി മോളിയേയും അലക്സ് ജോൺ പൊന്നാടയണിയിച്ചു. ഗോൾഡൻ സ്പോൺസർ ജോയ് നേടിയകാലായിലിനെ ജോൺ സി. വർഗീസ് പൊന്നാടയണിയിച്ചു. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലേക്ക് മത്സരിക്കുന്ന രാജ കൃഷ്ണമൂർത്തിയെ പ്രസിഡന്റ് ബെന്നി വാച്ചാചിറ, ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ, ട്രഷറർ ജോസി കുരിശുങ്കൽ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്നു നടന്ന മലയാള ചലച്ചിത്ര പ്രവർത്തകരുടെ കലാവിരുന്നോടെ പരിപാടികൾ സമാപിച്ചു.