പുടിൻ ജർമനിയിൽ
Wednesday, October 19, 2016 8:12 AM IST
ബർലിൻ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ജർമൻ തലസ്‌ഥാനമായ ബർലിനിലെത്തി. യുക്രെയിൻ, സിറിയ എന്നിവിടങ്ങളിലെ സ്‌ഥിതിഗതികളെപ്പറ്റി മെർക്കലുമായി ചർച്ച നടത്താനാണ് പുടിൻ ബർലിനിൽ എത്തിയത്. യുക്രെയ്ൻ പ്രശ്നങ്ങൾ തുടങ്ങിയതു മുതൽ ജർമനിയുമായി പ്രത്യേകിച്ച് ചാൻസലർ മെർക്കലുമായി അകന്നു നിന്നിരുന്ന പുടിൻ കഴിഞ്ഞ നാലു വർഷത്തിനു ശേഷം ഇതാദ്യമായിട്ടാണ് ജർമനി സന്ദർശിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ്, യുക്രെയ്ൻ പ്രസിഡന്റ് പീട്രോ പ്രോഷെങ്കോ എന്നിവരും സമാധാന ചർച്ചയ്ക്കായി ബർലിനിൽ എത്തുന്നുണ്ട്. ചർച്ചകളിൽ ജർമൻ നേതാക്കളും പങ്കെടുക്കും.

പുടിന്റെ സന്ദർശനത്തോടെ റഷ്യയുമായുള്ള ജർമനിയുടെ ശീതയുദ്ധത്തിന് വിരാമം ആവുമെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ അഭിപ്രായം.

റൊട്ടേഷൻ അനുസരിച്ച് നിലവിൽ ജർമനിയാണ് ഒഎസ്സിഇ (Organization for  Security and Co-operation in Europe) യുടെ ചെയർമാൻസ്‌ഥാനം വഹിക്കുന്നത്. അതുകൊണ്ടുതന്നെ യുക്രെയിൻ ചർച്ചയ്ക്ക് മധ്യസ്‌ഥത വഹിക്കുന്നതും ജർമനിയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ