ജർമനിയിൽ പാരമ്പര്യേതര ഊർജത്തിനു ചെലവേറുന്നു
Wednesday, October 19, 2016 8:12 AM IST
ബർലിൻ: ജർമനിയിൽ പരമ്പരാഗത രീതി ഒഴിവാക്കി ഉത്പാദിപ്പിക്കുന്ന ഹരിതോർജത്തിന് ചെലവ് ക്രമാതീതമായി വർധിക്കുന്നു. പ്രകൃതിക്കു ദോഷകരമായ ഊർജോത്പാദനം പൂർണമായി ഒഴിവാക്കുന്ന പ്രക്രിയ കുടുംബങ്ങൾക്ക് വലിയ ബാധ്യത വരുത്തി വയ്ക്കുന്നു എന്നാണ് വിലയിരുത്തൽ.

2017ൽ പാരമ്പര്യേതര ഊർജത്തിന് സബ്സിഡി നൽകാൻ ജർമനിക്കാർ 8.3 ശതമാനം തുകയാണ് അധികമായി മുടക്കാൻ പോകുന്നത്. 6.88 സെന്റാണ് ഓരോ കിലോവാട്ടിനും വരുന്ന അധികചെലവ്. നേരത്തെ 6.35 സെന്റ് ആയിരുന്നു കിലോവാട്ടിനുള്ള സബ്സിഡി.

ലോകത്തു തന്നെ ഏറ്റവും ശക്‌തമായ ഹരിതോർജ പദ്ധതി നടപ്പാക്കി വരുന്ന രാജ്യങ്ങളിലൊന്നാണ് ജർമനി. 2050 ആകുന്നതോടെ 1990ലേതിനെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ പാതിയായി കുറയ്ക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ