പാർലമെന്റ് തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം ആരംഭിച്ചു
Wednesday, October 19, 2016 8:10 AM IST
കുവൈത്ത്: പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഒക്ടോബർ 19 മുതൽ 28 വരെ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൗരത്വ സർട്ടിഫിക്കറ്റും രണ്ടു ഫോട്ടോയും സ്‌ഥാനാർഥിയുടെ പൂർണ വിവരങ്ങളും 50 ദീനാറും പത്രികയോടപ്പം നൽകണം. കുവൈത്തി പൗരനായിരിക്കുക, വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിരിക്കുക, തെരഞ്ഞെടുപ്പു ദിവസം 30 വയസ് തികയുക, അറബി ഭാഷ എഴുതാനും വായിക്കാനും അറിയുക, മാന്യതക്കും വിശ്വാസ്യതക്കും കളങ്കമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടാത്ത ആളായിരിക്കുക, അല്ലാഹുവിനെയും പ്രവാചകനെയും അമീറിനെയും മോശപ്പെടുത്തുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടാത്ത ആളായിരിക്കുക തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായി മാത്രമേ സ്‌ഥാനാർഥികളിൽനിന്ന് നാമനിർദേശ പത്രികകൾ സ്വീകരിക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്‌തമാക്കി.

ഒരു സ്‌ഥാനാർഥിക്ക് ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ പത്രിക സമർപ്പിക്കാൻ പാടില്ല. ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ചവർ നിശ്ചിത സമയത്തിനുള്ളിൽ മറ്റിടങ്ങളിലെ പത്രിക പിൻവലിച്ചില്ലെങ്കിൽ സ്‌ഥാനാർഥിത്വം അസാധുവായി പരിഗണിക്കും. മന്ത്രിമാർ, ജഡ്ജിമാർ, പ്രോസിക്യൂഷൻ അംഗങ്ങൾ, ജനറൽ ഇൻവെസ്റ്റിഗേഷൻ അംഗങ്ങൾ എന്നിവർക്ക് പദവി രാജി വച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കൂ. പോലീസ് സൈനിക ഉദ്യോഗസ്‌ഥർക്കും തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളാവണമെങ്കിൽ ജോലി ഉപേക്ഷിച്ചതായി കത്ത് നൽകേണ്ടിവരും.

റിപ്പോർട്ട്: സലിം കോട്ടയിൽ