ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ആലപ്പുഴ സ്വദേശി നാടണഞ്ഞത് സ്പോൺസർക്ക് നഷ്‌ടപരിഹാരം നൽകി
Wednesday, October 19, 2016 8:10 AM IST
റിയാദ്: ഏജന്റുമാരുടെ ചതിയിൽപ്പെട്ട് വീട്ടുജോലിക്കായി റിയാദിലെത്തിയ മേരി സെബാസ്റ്റ്യൻ നാടണഞ്ഞത് സ്പോൺസർക്ക് നഷ്‌ടപരിഹാരം നൽകിയതിനുശേഷം.

എട്ടുമാസം മുമ്പാണ് ആലപ്പുഴ തുമ്പോളി സ്വദേശിനി മേരി വീട്ടുജോലിക്കായി റിയാദിലെത്തുന്നത്. കയർ തോഴിലാളിയായ ഭർത്താവ് സെബാസ്റ്റ്യൻ വാഹനാപകടത്തെതുടർന്ന് കിടപ്പിലാവുകയും രണ്ടുകുട്ടികളുടെ പഠനചെലവിനും ഭർത്താവിന്റെ ചികിത്സാചെലവിനുമായി ബുദ്ധിമുട്ടിയ അവസ്‌ഥയിലാണ് മേരി തൊഴിൽ വീസയിൽ സൗദിയിൽ എത്തുന്നത്. പറഞ്ഞ ജോലിയും ശമ്പളവും എല്ലാം കൃത്യമായി ലഭിച്ചിരുന്നു. അഞ്ചുമാസത്തോളം നല്ലരീതിയിൽ തന്നെ കാര്യങ്ങൾ മുന്നോട്ടു നീങ്ങി. എന്നാൽ ഭർത്താവിന് അസുഖം മൂർച്ഛിക്കുകയും അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനെത്തുടർന്ന് നാട്ടിൽ പോകാൻ സ്പോൺസർ അനുവദിച്ചില്ല. തുടർന്ന് മേരിയുടെ നിസഹായവസ്‌ഥ കേട്ടറിഞ്ഞ കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ കിഷോർ ഇ നിസാം എംബസിയിൽ പരാതി കൊടക്കുകയും എംബസി സെക്കന്റ് സെക്രട്ടറി ജോർജ് പ്രശ്നത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഒടുവിൽ മേരിയുടെ കുടുംബത്തിന്റെ അവസ്‌ഥ ബോധ്യപ്പെട്ട സ്പോൺസർ ആറായിരം റിയാൽ എംബസിയുടെ സാന്നിധ്യത്തിൽ കൈപ്പറ്റിയതിനെതുടർന്നാണ് നാട്ടിൽ പോകാൻ അനുവദിച്ചത്. മേരിയുടെ അക്കാമ എട്ടുമാസമായിട്ടും എടുത്തിരുന്നില്ല. മേരിയെ അഭയകേന്ദ്രത്തിൽ എത്തിച്ച ശേഷമാണ് അക്കാമയുടെയും മറ്റും കാര്യങ്ങളും സ്പോൺസർ നടപടികൾ സ്വീകരിച്ചത്. അതിനാൽ നാല്പതുദിവസം അഭയകേന്ദ്രത്തിൽ താമസിക്കേണ്ടിവന്നു. തുടർന്നും എക്സിറ്റ് നൽകാതെ ആറുമാസം ലീവ് നൽകാനാണ് സ്പോൺസർ തയാറായത്. മേരിക്കുള്ള ടിക്കറ്റ് എംബസി നൽകി. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി കഴിഞ്ഞ ദിവസം എയർഇന്ത്യ വിമാനത്തിൽ മേരി കൊച്ചിയിലെത്തി.

വീസക്ക് ഒരു പൈസയും നൽകേണ്ടതില്ല എന്ന വ്യാജേനയുള്ള ഏജന്റുമാരുടെ ചതിയിൽ വീഴുന്ന കേസുകൾ ഇതോടെ നാൾക്കുനാൾ വർധിച്ചു വരികയാണ്. ഇത്തരം ഏജന്റുമാർക്കെതിരെ എംബസി കർശന നടപടികൾ സ്വീകരിക്കണമെന്നാണ് അധികൃതരുടെ ആവശ്യം.