ഇത്തവണയും ടിപ്പു ജയന്തി ആഘോഷിക്കാൻ സർക്കാർ
Wednesday, October 19, 2016 4:52 AM IST
ബംഗളൂരു: ഈവർഷവും ടിപ്പു ജയന്തി വിപുലമായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ബിജെപിയുടെയും സംഘപരിവാർ സംഘടനയുടെയും കടുത്ത എതിർപ്പ് മറികടന്നാണ് ഇത്തവണയും ടിപ്പു ജയന്തി ആഘോഷവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നോട്ടുപോകുന്നത്. നവംബർ പത്തിന് രവീന്ദ്ര കലാക്ഷേത്രയിലാണ് ആഘോഷങ്ങൾ നടത്തുന്നത്. കന്നഡ സാംസ്കാരിക വകുപ്പാണ് പരിപാടി നടത്തുന്നത്. സംസ്‌ഥാനവ്യാപകമായും ജില്ലാ തലത്തിലും നടത്തുന്ന ആഘോഷങ്ങൾക്കായി 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ആദ്യമായി ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിച്ചത്. അന്ന് സംസ്‌ഥാനവ്യാപകമായി വലിയ അക്രമം അരങ്ങേറി. മടിക്കേരിയിൽ ടിപ്പു ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമത്തിൽ ഒരു വിഎച്ച്പി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.