അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു
Wednesday, October 19, 2016 4:13 AM IST
ദോഹ: ഗൾഫ് മേഖലയിൽ സ്വദേശി വത്കരണം ഊർജിതമാകുമ്പോൾ അറബി ഭാഷയുടെ പ്രാധാന്യം ഏറി വരികയാണെന്ന് ഖത്തറിലെ പഴയകാല വ്യവസായിയും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനുമായ ഡോ. എം.പി. ഹസൻകുഞ്ഞി അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകനായ അമാനുള്ള വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്പോക്കൺ അറബിക് ഗൈഡിന്റെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികൾ പരിശ്രമിക്കണമെന്നും ഇത് സ്വദേശികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ സഹായിക്കും. ഗവൺമെന്റ് തലത്തിൽ അറബി ഭാഷയുടെ പ്രാധാന്യം കൂടുമ്പോൾ അത് സ്വായത്തമാക്കുവാൻ വിദേശികൾ പരിശ്രമിക്കണം. എല്ലാ ക്രയവിക്രയങ്ങളും അറബിയിലാവണമെന്ന സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ വിദേശികൾ ഇത് കൂടുതൽ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

2017 മാർച്ച് 31ഓടെ എല്ലാ ബിസിനസ് നടപടികളും അറബിവത്കരണം പൂർത്തിയാക്കണമെന്ന് ഖത്തർ സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്തോ – അറബ് ബന്ധം കൂടുതൽ ഊഷ്മളവും സുദൃഡവുമാക്കുന്നതിൽ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്കാരത്തിനും വൈജ്‌ഞാനിക നവോഥാനത്തിനും അനർഘ സംഭാവനകൾ നൽകിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി സംസാരിച്ച ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര പറഞ്ഞു. ഇന്ത്യയും ഗൾഫ് നാടുകളും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നത്. ഈ ബന്ധത്തിന് ശക്‌തിപകരാനും കൂടുതൽ രചനാത്മകമായ രീതിയിൽ നിലനിർത്താനും അറബി ഭാഷാ പ്രചാരണത്തിന് കഴിയും. ഭാഷയുടെ അതിർവരമ്പുകൾ ഒരിക്കലും സമൂഹങ്ങളെ പരസ്പരം അകറ്റുവാൻ കാരണമാവരുതെന്നും ഭാഷാപഠനം അനായാസകരമാക്കാൻ സഹായകമാകുന്ന ഏത് ശ്രമവും ശ്ലാഘനീയമാണെും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും സജീവമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. ഗൾഫ് തൊഴിൽ തേടിയെത്തുന്നവർക്ക് ഏറെ സഹായകകരമായ ഒരു സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. അറബികളും ഇന്ത്യക്കാരും തമ്മിൽ കൂടുതൽ കാര്യക്ഷമമായ രീതിയിൽ ഇടപാടുകൾ നടത്താൻ അറബി ഭാഷ സഹായകകരമാകുമെന്നും ഈഅർഥത്തിൽ അമാനുള്ളയുടെ കൃതിയുടെ പ്രസക്‌തി ഏറെയാണെും അദ്ദേഹം പറഞ്ഞു.

ഫ്രന്റ്സ്് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അമാനുള്ള വടക്കാങ്ങര സംസാരിച്ചു.

കോഴിക്കോട് കേന്ദ്രമായ അൽ ഹുദ് ബുക് സ്റ്റാൾ പ്രസിദ്ധീകരിച്ച പുസ്കത്തിന്റെ ഖത്തറിലെ വിതരണക്കാർ ഹറമൈൻ ലൈബ്രറിയാണ്.