‘ഡിവിനൈസേഷൻ ഇൻ സെന്റ് എഫ്രേം’ പുസ്തക പ്രകാശനം നടത്തി
Tuesday, October 18, 2016 12:41 AM IST
ഷിക്കാഗോ: ‘ഡിവിനൈസേഷൻ ഇൻ സെന്റ് എഫ്രേം’ (Divinization in St. Ephrem) എന്ന പേരിൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ചാൻസിലറായ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് 2016 ഒക്ടോബർ 15–നു ശനിയാഴ്ച നിർവഹിച്ചു. ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പ്രഥമ കോപ്പി ഏറ്റുവാങ്ങി. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്, വികാരി ജനറാൾ റവ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫിനാൻസ് ഓഫീസർ റവ. ഫാ. പോൾ ചാലിശേരി, റവ.ഫാ. മാർട്ടിൻ വരിയ്ക്കാനി എന്നിവർക്കു പുറമെ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അറുപത് പ്രതിനിധികളും പ്രകാശന കർമ്മത്തിന് സാക്ഷികളായി.

പൗരസ്ത്യ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയിട്ടുള്ള റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ ഡോക്ടറൽ പ്രബന്ധത്തെ അധികരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സുറിയാനി ദൈവശാസ്ത്ര പാരമ്പര്യത്തിന്റെ നെടുംതൂണും, കിഴക്കിന്റെ സൂര്യൻ, പരിശുദ്ധാത്മാവിന്റെ വീണ എന്നീ അപര നാമങ്ങളിൽ അറിയപ്പെടുന്നവനുമായ സഭാ പിതാവായ വിശുദ്ധ എഫ്രേമിന്റെ കൃതികളിൽ മനുഷ്യന്റെ ദൈവികീകരണത്തെക്കുറിച്ച് അന്തർലീനമായിക്കിടക്കുന്ന ദൈവശാസ്ത്ര ചിന്തയാണ് ഈ പുസ്തകത്തിലൂടെ വെളിച്ചംകണ്ടിരിക്കുന്നത്. സുറിയാനി പാരമ്പര്യത്തിൽപ്പെട്ട എല്ലാ സഭകളുടേയും ദൈവശാസ്ത്ര ചിന്തകളിലും ആരാധനക്രമ ജീവിതത്തിലും വിശുദ്ധ എഫ്രേമിന്റെ പ്രബോധനങ്ങളുടെ നിർണ്ണായകമായ സ്വാധീനംകാണുവാൻ കഴിയും. ക്രൈസ്തവ ലോകത്ത് നടന്ന എല്ലാ വിഭജനങ്ങൾക്കും മുമ്പാണ് വിശുദ്ധ എഫ്രേമിന്റെ കാലഘട്ടം (306– 373) എന്നതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രബോധനം ഏവർക്കും സ്വീകാര്യമാണ്. അതുകൊണ്ട് വിശുദ്ധ എഫ്രേമിന്റെ ദൈവശാസ്ത്ര ചിന്തകൾ സഭൈക്യശ്രമങ്ങൾക്ക് കരുത്ത് പകരും.



ഈശോ മിശിഹായുടേയും അപ്പസ്തോലന്മാരും ജീവിച്ച യഹൂദ ആദ്ധ്യാത്മികതയുടെ തുടർച്ചയായ സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ എഫ്രേമിന്റെ കൃതികളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ദൈവികീകരണത്തെക്കുറിച്ചുള്ള ആഴമായ പഠനങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം സുറിയാനി പാരമ്പര്യത്തിൽപ്പെട്ട എല്ലാ സഭകൾക്കും തങ്ങളുടെ ആരാധനക്രമ ജീവിതത്തിന്റേയും ആദ്ധ്യാത്മിക ജീവിതത്തിന്റേയും ഊരും വേരും തിരിച്ചറിയുന്നതിനും അതിൽ അഭിമാനം കൊള്ളുന്നതിലും ഏറെ സഹായകമാകും. ദൈവികീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയായ വിശുദ്ധ കുർബാനയെക്കുറിച്ച് സെബാസ്റ്റ്യനച്ചൻ ഇതിനോടകം മൂന്നു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കോട്ടയം– വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ഒ.ഐ.ആർ.എസ്.ഐ (ഛകഞടക) പബ്ലിക്കേഷൻസാണ് 560 പേജുകളുള്ള ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കോപ്പികൾക്ക് 1– 630 310 9957 എന്ന നമ്പരിലോ, [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം