കരുണയുടെ സന്ദേശം എല്ലാവരിലും എത്തിക്കണം: മാർ ആലഞ്ചേരി
Tuesday, October 18, 2016 12:38 AM IST
ന്യൂഡൽഹി: യേശുവിന്റെ കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും എത്തിക്കാൻ കത്തോലിക്കാ സഭാംഗങ്ങൾ ശ്രമിക്കണമെന്നു സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കരുണയുടെ വർഷത്തിൽ സമൂഹത്തിലെ ഏറ്റവും അശരണർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

പഞ്ചാബിലെ മലോട്ട് തിരുഹൃദയ കാമ്പസിൽ സഭയുടെ മിഷനറി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെപ്പോലെ തന്നെ എല്ലാവരെയും സ്നേഹിക്കാൻ യേശു പഠിപ്പിച്ചതാകണം ക്രൈസ്തവരുടെ വിശ്വാസജീവിതത്തിന്റെ മുഖമുദ്ര. പാവങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ഒപ്പം നിൽക്കാനാണു ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിട്ടുള്ളതെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു.

ഡൽഹി ഫരീദാബാദ് രൂപതയുടെയും ചെറുപുഷ്പ സഭയുടെ പഞ്ചാബിലെ ക്രിസ്തുജ്യോതി പ്രോവിൻസിന്റെയും ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. ആൽബർട്ട് ഡിസൂസ, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോൺ വടക്കേൽ, മാർ ആന്റണി ചിറയത്ത്, മാർ ഗ്രേഷ്യൻ മുണ്ടാടൻ, ഫരീദാബാദ് വികാരി ജനറാൾ മോൺ. ജോസ് ഇടശേരി, യൂജീൻ ഡിസൂസ, ഡൊമിനിക് അത്തെയ്ന, ലിയോ ഡിമെല്ലോ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.