പ്രസ്റ്റൺ കത്തീഡ്രലിൽ ഫാ.സേവ്യർ ഖാൻ വട്ടായിൽ തിരുവചന ശുശ്രുഷ നയിക്കുന്നു
Monday, October 17, 2016 3:43 AM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ വച്ചു പ്രശസ്ത വചനപ്രഘോഷകനും, അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ആയ സേവ്യർഖാൻ വട്ടായിൽ അച്ചൻ തിരുവചന ശുശ്രുഷ നയിക്കുന്നു. ഒക്ടോബർ 20 നു വ്യാഴാഴ്ച വൈകുന്നേരം 5.30 നു ജപമാല സമർപ്പണത്തോടെ ധ്യാന ശുശ്രുഷകൾ ആരംഭിക്കും.

സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനും, സുവിശേഷകന്റെ ധർമ്മം തന്റെ കർമമേഖലകളിൽ മുഖമുദ്രയായി ഏറ്റെടുത്തിട്ടുള്ള അജപാലക ശ്രേഷ്ഠനുമായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലി അർപ്പിക്കുകയും പിതാവ് സന്ദേശം നൽകുന്നതുമാണ്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കത്തീഡ്രലായി പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദേവാലയം ഉയർത്തപ്പെട്ട ശേഷം നടത്തപ്പെടുന്ന പ്രഥമ തിരുവചന ശുശ്രുഷയിൽ രൂപതയ്ക്കും,രൂപതാംഗങ്ങൾക്കും,അജപാലക ശുശ്രുഷകർക്കും വേണ്ടി ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വെച്ചു കൊണ്ട് വട്ടായിൽ അച്ചൻ നയിക്കുന്ന അഭിഷേക പ്രാർത്ഥനയും ആരാധനയും,തിരുവചന ശുശ്രുഷയും ദിവ്യ ബലിക്കുശേഷം തുടരുന്നതാണ്. വികാരി ജനറാൾ കൂടിയായ കത്തീഡ്രൽ വികാരി ഫാ.മാത്യു ചൂരപൊയികയിൽ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ