വൈസ് മെൻ വെസ്റ്റ് ചെസ്റ്റർ ചാപ്റ്ററിന്റെ ഉദ്ഘാടനം നവംബർ 19ന്
Monday, October 17, 2016 3:40 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച ‘വൈസ് മെൻ ഇന്റർനാഷണൽ’ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 19–നു ശനിയാഴ്ച വൈറ്റ് പ്ലെയിൻസിൽ വച്ചു വിപുലമായ കലാപരിപാടികളോടെ നടത്തുന്നതാണെന്നു പ്രസിഡന്റ് (ഇലക്ട്) ജോസഫ് കാഞ്ഞമല, സെക്രട്ടറി എഡ്വിൻ കാത്തി എന്നിവർ അറിയിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്‌ഞയും തദവസരത്തിൽ നടക്കും.

വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ജോവാൻ വിൽസൺ (ജനീവ), അമേരിക്കൻ ഏരിയ പ്രസിഡന്റ് ചാർലി റെഡ്മോണ്ട്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യാ പ്രസിഡന്റ് റവ.ഫാ. ഡേവീസ് ചിറമേൽ എന്നിവരെ കൂടാതെ വിവിധ മുഖ്യധാരാ രാഷ്ര്‌ടീയ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വൈഎംസിഎയുടെ ചാരിറ്റി ക്ലബായി 1922ൽ രൂപീകൃതമായ വൈസ്മെൻ ഇന്റർനാഷണലിന്റെ ആസ്‌ഥാനം സ്വിറ്റ്സർലന്റിലെ ജനീവയാണ്. 63 രാജ്യങ്ങളിലായി 1625ഓളം ക്ലബുകളുണ്ട്. അമേരിക്കയിൽ മാത്രം 90ൽ അധികം വൈസ്മെൻ ക്ലബുകൾ ഉണ്ട്. ഇന്ത്യയിലാണ് ഏറ്റവും കൂടുതലുള്ളത്. 656 വൈസ്മെൻ ക്ലബുകൾ ഇന്ത്യയിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒക്ടോബർ ഒമ്പതാം തീയതി ഞായറാഴ്ച ന്യൂറോഷലിലുള്ള ഷേർലീസ് റെസ്റ്റോറന്റിൽ കൂടിയ ജനറൽബോഡി യോഗത്തിൽ, ക്ലബിന്റെ പ്രസിഡന്റ് (ഇലക്ട്) ജോസഫ് കാഞ്ഞമല അധ്യക്ഷത വഹിച്ചു. റോക്ക്ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യ പ്രഭാഷണം നടത്തി. അഡ്ഹോക് കമ്മിറ്റി സെക്രട്ടറി എഡ്വിൻ കാത്തി, ട്രഷറർ ഷാജി സഖറിയ, ജോഷി തെള്ളിയാങ്കൽ, ഷൈജു കളത്തിൽ, കെ.കെ. ജോൺസൺ, സ്വപ്നാ ജോസ് മലയിൽ എന്നിവർ പ്രസംഗിച്ചു. ഷോളി കുമ്പിളുവേലിൽ സ്വാഗതവും, ജിം ജോർജ് നന്ദിയും പറഞ്ഞു. മിനി മുട്ടപ്പള്ളിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് കാഞ്ഞമല (917 596 2119), എഡ്വിൻ കാത്തി (914 358 5404).

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി