അമേരിക്കൻ പ്രസിഡൻഷ്യൽ, ഇലക്ഷൻ ഡിബേറ്റിൽ മലയാളികൾ ഏറ്റുമുട്ടി
Monday, October 17, 2016 3:39 AM IST
ഹൂസ്റ്റൻ: ആസന്നമായ അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ ഡിബേറ്റിൽ ഡെമോക്രാറ്റിക് പാർട്ടി നോമിനി ഹില്ലരി ക്ലിന്റനു വേണ്ടിയും, റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡോനാൾഡ് ട്രമ്പിനു വേണ്ടിയും അരയും തലയും മുറുക്കി എത്തിയ ഗ്രെയിറ്റർ ഹൂസ്റ്റനിലെ മലയാളികൾ തെരഞ്ഞെടുപ്പ് സംവാദ ഗോദയിൽ അതിശക്‌തമായി ഏറ്റുമുട്ടി. രണ്ടു പാർട്ടികളുടേയും ആശയങ്ങളും അജണ്ടകളും ട്രാക്കു റിക്കാർഡുകളും കൈമുതലാക്കി ഹൂസ്റ്റനിലെ രാഷ്ട്രീയ പ്രബുദ്ധരായ വ്യക്‌തികൾ ഇരുപക്ഷവും നിന്ന് അത്യന്തം വീറോടും വാശിയോടും പോരാടി. കേരളാ ഡിബേറ്റ് ഫോറം യുഎസ്എ ചിട്ടയായി ഗ്രെയിറ്റർ ഹൂസ്റ്റനിലെ ഷുഗർലാൻഡിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രസിഡൻഷ്യൽ ഇലക്ഷൻ സംവാദ വേദി രാഷ്ട്രീയ സാമൂഹ്യ ആശയങ്ങളുടെ മാറ്റുരച്ച ഒരു പടക്കളമായി മാറി. ഒക്ടോബർ എട്ടാം തീയതി രാവിലെ 10.30 മുതലായിരുന്നു സംവാദം. കേരളാ ഡിബേറ്റ് ഫോറം യുഎസ്എക്കുവേണ്ടി സംവാദത്തിന്റെ മോഡറേറ്ററായി എ.സി. ജോർജ് പ്രവർത്തിച്ചു. ഡിബേറ്റിൽ ഗ്രെയിറ്റർ ഹൂസ്റ്റനിലെ രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹ്യ, മാധ്യമ നേതാക്കളും പ്രവർത്തകരുമായി ഒട്ടനവധി പേർ പങ്കെടുത്തു. ജോസഫ് പൊന്നോലി സന്നിഹിതരായവർക്ക് സ്വാഗതമാശംസിച്ചു.

റിപ്പബ്ലിക്കൻ സ്‌ഥാനാർത്ഥി ഡോനാൾഡ് ട്രമ്പിന്റെ പക്ഷത്തിനു വേണ്ടി പാനലിസ്റ്റുകളായി ഡോ. മാത്യു വൈരമൺ, ഡോക്ടർ സണ്ണി എഴുമറ്റൂർ, ശശിധരൻ നായർ, ഐസക് വർഗീസ് പുത്തനങ്ങാടി, തോമസ് ഓലിയാൻകുന്നേൽ, ടോം വിരിപ്പൻ എന്നിവരും, ഡെമോക്രാറ്റ് സ്‌ഥാനാർത്ഥി ഹില്ലരി ക്ലിന്റൻ പക്ഷത്തിനു വേണ്ടി കെ.പി.ജോർജ്, ജോർജ് മണ്ണികരോട്ട്, പൊന്നുപിള്ള, മാത്യൂസ് ഇടപ്പാറ, നൈനാൻ മാത്തുള്ള, ടി.എൻ. സാമുവൽ എന്നിവരും പങ്കെടുത്തു. പാനലിസ്റ്റുകൾ അവരവരുടെ പക്ഷത്തിനും സ്‌ഥാനാർത്ഥികൾക്കും വേണ്ടി വസ്തുതകൾ നിരത്തികൊണ്ട്് അതിതീവ്രമായി പ്രാരംഭ പ്രസ്താവനകളിൽ തന്നെ വാദിച്ചു. ടൗൺഹാൾ പബ്ലിക് മീറ്റിംഗ് ഫോർമാറ്റിലായിരുന്നു ഡിബേറ്റ്.



തുല്യ ശക്‌തികളുടെ ഒരു വാക്ക്മയ പോരാട്ടമായിരുന്നു ഈ ഡിബേറ്റ്. ലഭ്യമായ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് രണ്ടു പാർട്ടിക്കും തുല്യപരിഗണനയും ചിട്ടയും ഓർഡറും നിലനിർത്താൻ കേരളാ ഡിബേറ്റ് ഫോറത്തിനുവേണ്ടി ഡിബേറ്റ് മോഡറേറ്റ് ചെയ്ത എ.സി. ജോർജിന് കഴിഞ്ഞു. ഏതാണ്ട് മൂന്നു മണിക്കൂർ ദീർഘിച്ച ഈ ഡിബേറ്റിൽ ചോദ്യങ്ങൾ ചോദിച്ചവർ ബാബു കുരവക്കൽ, ജോൺ കുന്തറ, ജോൺ മാത്യു, മേരി കുരവയ്ക്കൽ, ബോബി മാത്യു, മാത്യു നെല്ലിക്കുന്ന്, ശങ്കരൻ കുട്ടി പിള്ള, ജയിംസ് മുട്ടുങ്കൽ, ജീമോൻ റാന്നി, ബ്ലസൻ ഹൂസ്റ്റൻ, ശ്രീ പിള്ള, തോമസ് തയ്യിൽ, തോമസ് മാത്യു, മോട്ടി മാത്യു, സാബൂ നയിനാൻ, ജേക്കബ് ഈശോ, ജോർജ് പോൾ, മെൽവിൻ മാത്യു, ജയിസൻ ജോർജ്, ഷിജിമോൻ ഇഞ്ചനാട്ട് തുടങ്ങിയവരാണ്.