ആദ്യ സിഎൻജി സ്റ്റേഷൻ സുമനഹള്ളിയിൽ
Sunday, October 16, 2016 5:19 AM IST
ബംഗളൂരു: നഗരത്തിലെ ആദ്യ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) സ്റ്റേഷൻ സുമനഹള്ളിയിൽ പ്രവർത്തനമാരംഭിച്ചു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) ആണ് സ്റ്റേഷൻ സ്‌ഥാപിച്ചത്. നഗരത്തിലെ മറ്റു സ്‌ഥലങ്ങളിലും സിഎൻജി സ്റ്റേഷനുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ഗെയിൽ അറിയിച്ചു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നഗരത്തിലെ അറുപതിടങ്ങളിൽ കൂടി സിഎൻജി സ്റ്റേഷനുകൾ നിർമിക്കാനാണ് പദ്ധതി.

ഓൾഡ് എയർപോർട്ട് റോഡ്, ഹെന്നൂർ റോഡ്, എച്ച്എസ്ആർ ലേഔട്ട്, വൈറ്റ് ഫീൽഡ് എന്നിവിടങ്ങളിൽ 10 പെട്രോൾ പമ്പുകൾക്കു സമീപം സിഎൻജി സ്റ്റേഷനുകൾ സ്‌ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷനോട് ഗെയിൽ ആവശ്യപ്പെട്ടു. പീനിയ, ഹെന്നൂർ എന്നിവിടങ്ങളിലെ ബിഎംടിസി ബസ് ഡിപ്പോയ്ക്കു സമീപവും സിഎൻജി സ്റ്റേഷനുകൾ സ്‌ഥാപിക്കും.

സിഎൻജി സ്റ്റേഷനുകൾ എത്തുന്നതോടെ നഗരത്തിലെ വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പ്രകൃതിദത്ത വാതകം ഉപയോഗിക്കാൻ കഴിയും. വാഹനങ്ങൾ സിഎൻജിയിലേക്കു മാറിയാൽ നഗരത്തിലെ അന്തരീക്ഷമലിനീകരണത്തിനും ഒരുപരിധി വരെ പരിഹാരമാകും. കിലോയ്ക്ക് 41.50 രൂപ നിരക്കിലാണ് ഗെയിൽ സിഎൻജി വിതരണം ചെയ്യുന്നത്. സിഎൻജി ഇന്ധനം ഉപയോഗിക്കാൻ വാഹനങ്ങളിൽ പ്രത്യേക ടാങ്ക് സ്‌ഥാപിക്കണം. ചെറുവാഹനങ്ങൾക്ക് ഇതിന് 35,000 മുതൽ 40,000 രൂപ വരെ ചെലവാകും.

നേരത്തെ, വാഹനങ്ങളിൽ സിഎൻജി ഉപയോഗിക്കാൻ ഗതാഗത വകുപ്പ് നിർദേശിച്ചിരുന്നു. മലിനീകരണം ഇല്ലെന്നു മാത്രമല്ല, പെട്രോൾ, ഡീസൽ ഇന്ധനങ്ങളേക്കാൾ വളരെ ചെലവു കുറഞ്ഞതാണ് സിഎൻജി എന്നും ഗെയിൽ അധികൃതർ പറഞ്ഞു.