ബസപകടത്തിൽ പരിക്കേറ്റവർക്കുള്ള ധനസഹായം കൈമാറി
Saturday, October 15, 2016 8:08 AM IST
റിയാദ്: മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ബസപകടത്തിൽ പരിക്കേറ്റവർക്ക് ചികിൽസക്കാവശ്യമായ ധനസമാഹരണ ഫണ്ടിലേക്ക് റിയാദ് മലപ്പുറും കൂട്ടായ്മ (റിമാൽ) സഹായം കൈമാറി.

സ്കൂൾ പിടിഎ മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന രക്ഷിതാക്കളുടേയും കുട്ടികളുടേയും ഇടയിലേക്ക് ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഒരു വിദ്യാർഥി തൽക്ഷണം കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് അടിയന്തര ചികിൽസ ആവശ്യമായി വരികയും അധികംപേരും അതിനു സാമ്പത്തികമായി ശേഷിയില്ലാത്തവരുമായ സാഹചര്യത്തിൽ ചികിൽസാ സഹായം നൽകുന്നതിനായി സ്കൂൾ പിടിഎ ഫണ്ട് സ്വരൂപിക്കുന്നതിലേക്കാണ് റിമാൽ ധനസഹായം നൽകിയത്. റിമാലിന്റെ സെക്രട്ടറി മുഹമ്മദ് പൊന്മള പിടിഎ പ്രസിഡന്റിന് സ്കൂളിൽ നടന്ന ചടങ്ങിൽ ഫണ്ട് കൈമാറി. ചടങ്ങിൽ അമീർ കൊന്നോല, സലിം കളപ്പാടൻ, അബ്ദുറഹ്മാൻ കുറ്റീരി, സാദിഖലി ഹാജിയാർപള്ളി, വി.വി. റാഫി, സ്കൂൾ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ