അന്നമ്മ തോമസ് അക്സാ ഇൻഷ്വറൻസ് ഒമാൻ കൺട്രി മാനേജർ
Friday, October 14, 2016 8:21 AM IST
മസ്കറ്റ്: അക്സാ ഇൻഷ്വറൻസ് ഒമാൻ കൺട്രി മാനേജരായി മലയാളിയായ
അന്നമ്മ തോമസ് പുത്തൂർ ചുമതലയേറ്റു. മിഡിൽ ഈസ്റ്റിൽ മലയാളിയായ ഒരു വനിത ആക്സയുടെ ഉന്നത പദവിയിൽ എത്തുന്നത് ഇതാദ്യമാണ്.

ഇൻഷ്വറൻസ് സേവനം രംഗത്ത് 25 വർഷത്തെ പ്രവർത്തി പരിചയമാണ് അന്നമ്മ തോമസിന്. ഇന്ത്യയിൽ യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് ചെന്നൈയിൽ ഡെപ്യൂട്ടി മാനേജരായും കേരളത്തിൽ കോട്ടയത്ത് ഡിവിഷണൽ മാനേജരായും സേവനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11 വർഷമായി അക്സ ദുബായിൽ ജോലി ചെയ്തുവരുന്ന അന്നമ്മ അക്സ ഇൻഷ്വറൻസ് ഗൾഫിന്റെ ദുബായിലെ ആക്ടിംഗ് കൺട്രി മാനേജരായി സേവനം ചെയ്തുവരികയാണ് പുതിയ നിയമനം.

ഫ്രാൻസ് ആസ്‌ഥാനമായുള്ള അക്സാ ലോകത്തിലെ ഇൻഷ്വറൻസ് കമ്പനികളിലെ മുന്തിയ ബ്രാൻഡുകളിലൊന്നാണ്. ഒമാനിൽ കമ്പനി നേരിട്ടുള്ള നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് കൺട്രി മാനേജർമാരും ബ്രിട്ടൻ സ്വദേശികളായിരുന്നു.

ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്ടർ പാറോലിക്കൽ ഡോ.തോമസ് എബ്രഹാം–കൊച്ചുറാണി ദമ്പതികളുടെ മകളും റിയാദ് മെട്രോ പ്രോജക്ട് കൺസൾട്ടന്റസ് ആയ സ്വിസ് എൻജിനിയറിംഗ് കൺസൾട്ടൻസിൽ ഉദ്യോഗസ്‌ഥനായ തൃശൂർ പുത്തൂർ ജോയി വർക്കിയുടെ ഭാര്യയുമാണ് അന്നമ്മ തോമസ്. മക്കൾ: വർഗീസ്, മരിയ.

റിപ്പോർട്ട്: സേവ്യർ കാവാലം