സാന്തോം ബൈബിൾ കൺവൻഷന് തുടക്കമായി
Friday, October 14, 2016 8:20 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ഏഴാമത് സാന്തോം ബൈബിൾ കൺവൻഷൻ കാരുണ്യഭിഷേക ധ്യാനത്തിന് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷൻ INA യിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന ആഘോഷമായ ദിവ്യബലിക്ക് ഷിക്കാഗോ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.

പ്രശസ്ത ധ്യാന ഗുരു ഫാ. ജേക്കബ് മഞ്ഞളി, ഫാ. ജോസ് പുതിയേടത്ത് എന്നിവരാണ് ധ്യാനം നയിക്കുന്നത്.

രണ്ടാം ദിവസമായ ശനി വൈകുന്നേരം നാലിന് ത്യാഗരാജ സ്റ്റേഡിയത്തിൽ ഡൽഹി സീറോ മലബാർ മിഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകി. ആർച്ച്ബിഷപ് അനിൽ കൂട്ടോ, മാർ ജോയ് ആലപ്പാട്ട്, മാർ ഏഫ്രേം നരികുളം, ജസ്റ്റീസ് കുര്യൻ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

ദിവസവും രാവിലെ 6.30ന് ജപമാലയോടെ കൺവൻഷൻ തുടങ്ങും. ധ്യാനം, വിശുദ്ധ കുർബാന, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച കൺവൻഷൻ സമാപിക്കും.

കൺവൻഷൻ പ്രമാണിച്ച് ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.