ബിഎംഡബ്ല്യുവിന്റെ സ്വയം ബാലൻസ് ചെയ്യുന്ന മോട്ടോർ സൈക്കിൾ
Friday, October 14, 2016 6:11 AM IST
ബർലിൻ: ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ ബാലൻസ് നിർബന്ധമാണ്. എന്നാൽ, ആ കാലം കഴിയുന്നു. സ്വയം ബാലൻസ് ചെയ്യുന്ന മോട്ടോർ സൈക്കിളാണ് ജർമനിയിലെ ആഢംബര കാർ കമ്പനിയായ ബിഎംഡബ്ല്യു രംഗത്തിറക്കാൻ പോകുന്നത്.

ഇതിൽ ഹെൽമെറ്റ് വയ്ക്കാതെ ധൈര്യമായി യാത്ര ചെയ്യാമെന്നും ഒരു അപകട സാധ്യതയുമില്ലാതെ ഏതു സ്റ്റണ്ട് രംഗവും ചിത്രീകരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. മോട്ടോറാഡ് വിഷൻ നെക്സ്റ്റ് 100 എന്നാണ് ഭാവി മോഡലിനു നൽകിയിരിക്കുന്ന പേര്.

കമ്പനിയുടെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ മോട്ടോർ സൈക്കിളിന്റെ പ്രോട്ടോടൈപ്പ് മാത്രം പുറത്തിറക്കിയിട്ടുണ്ട്. നിർത്തിയാലും ബൈക്ക് രണ്ടു വീലിൽ തന്നെ നിവർന്നു നിൽക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്റ്റാൻഡ് ആവശ്യം വരുന്നില്ല.

ഇലക്ട്രിക് ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ മലിനീകരണവും ഉണ്ടാക്കില്ലന്നതും മറ്റൊരു സവിശേഷതയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ