എയർപോർട്ട് മാർച്ച് വൻ വിജയമാക്കുക: ഐസിഎഫ്
Friday, October 14, 2016 6:09 AM IST
മക്ക: കരിപ്പൂർ വിമാനത്താവളത്തിനെ തകർക്കാൻ നടക്കുന്ന ഗൂഢാലോചനയിൽ പ്രതിഷേധിച്ച് എസ്വൈഎസ് നവംബർ മൂന്നിന് നടത്തുന്ന എയർപോർട്ട് മാർച്ച് വൻ വിജയമാക്കാൻ മുഴുവൻ പ്രവാസികളും രംഗത്തിറങ്ങണമെന്ന് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.

2015 ഏപ്രിൽ 30 ലെ സ്റ്റാറ്റസ്കോ പുനഃസ്‌ഥാപിക്കുക, കരിപ്പൂരിൽ ഹജ്‌ജ് സർവീസ് പുനഃസ്‌ഥാപിക്കുക, ഗൾഫിലേക്കുള്ള സീസണിലെ വിമാന കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് നവംബർ മൂന്നിലെ എയർപോർട്ട് മാർച്ചിന്റെ ലക്ഷ്യങ്ങൾ.

കരിപ്പൂർ വിമാനത്താവളത്തിനെതിരായി ഉദ്യോഗസ്‌ഥ ഗൂഡാലോചനകൾ ശക്‌തമാകുന്നുവെന്ന ശക്‌തമായ സാഹചര്യത്തിലാണ് എസ്വൈഎസ് ബഹുജന പങ്കാളിത്തത്തോടെ സമരരംഗത്തിറങ്ങുന്നത്.

നവംബർ മൂന്നിനു നടക്കുന്ന എയർപോർട്ട് മാർച്ചിന്റെ വിജയത്തിനായി സൗദിയിലെ മുഴുവൻ ഐസിഎഫ് ഘടകങ്ങളും കർമ രംഗത്തിറങ്ങിക്കഴിഞ്ഞു. നാട്ടിൽ അവധിയിലുള്ള മുഴുവൻ പേരെയും മാർച്ചിൽ പങ്കെടുപ്പിക്കുന്നതിനാണു പദ്ധതി തയാറാക്കുന്നത്.

ലക്ഷക്കണക്കിനു പ്രവാസികളെ ബാധിക്കുന്ന വിഷയമായതിനാൽ കരിപ്പൂരിനെതിരെ ചരടു വലിക്കുന്ന ഉദ്യോഗസ്‌ഥ ലോബിയെ നിലയ്ക്കുനിർത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉടൻ തയാറാകണം. അതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ സംസ്‌ഥാന സർക്കാരും മുന്നിട്ടിറങ്ങണം – ഐസിഎഫ് നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് സയിദ് ഹബീബ്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സയിദ് ആറ്റക്കോയ തങ്ങൾ,അബൂബക്കർ അൻവരി, അബ്ദു റഹിം പാപ്പിനിശേരി, ബഷീർ എറണാകുളം, നിസാർ കാട്ടിൽ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ