‘മതേതര കേരളത്തെ വർഗീയവത്കരിക്കുന്നവരെ ഒറ്റപ്പെടുത്തണം’
Friday, October 14, 2016 6:09 AM IST
ജിദ്ദ: മതേതര കേരളത്തെ ഭിന്നിപ്പിച്ചുകൊണ്ട് അധികാരം പിടിച്ചെടുക്കാനുള്ള സംഘപരിവാർ ശക്‌തികളുടെ ശ്രമത്തെ ഒറ്റെക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്ന് യൂത്ത് ഇന്ത്യ സൗദി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. തീവ്രവാദം ഒരു സമൂഹത്തിന്റെ മേൽ ആരോപിക്കുകയും നിയമപാലകരും അധികാരികളും അവരെ വേട്ടയാടുന്നതിൽ മത്സരിക്കുന്നതുമാണ് അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

അബ്ദുന്നാസർ മഅദനി മുതൽ കനകമല യുവാക്കളുടെ അറസ്റ്റിലടക്കം ദുരൂഹതകൾ നീക്കി സത്യം ബോധ്യപ്പെടുത്താൻ ഉത്തരവാദപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. മറുവശത്തു വർഗീയ ശക്‌തികൾ നടത്തുന്ന വിഷലിപ്തമായ പ്രസ്താവനകളും അക്രമങ്ങളുമൊക്കെ ദേശസ്നേഹത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. അവർക്കെതിരെ ഒരു ചെറുവിരലനക്കാൻ പോലും ഒരു നിയമപാലകർക്കും സാധിക്കുന്നുമില്ല. ഇത്തരം പ്രവണതകൾ ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുകയും അത് തീവ്രവാദത്തിലേക്കു വഴിമാറുകയും ചെയ്യും. തങ്ങൾക്ക് സ്വാധീനമില്ലാത്ത സംസ്‌ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കാൻ ഫെഡറൽ വ്യവസ്‌ഥകൾ മറികടന്നുകൊണ്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നിഗൂഢ പരിശ്രമമാണ് സംഘ പരിവാർ ശക്‌തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു മുഖ്യധാരാ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നതിനും രാജ്യസ്നേഹത്തിന്റെ കാർഡിറക്കി രാഷ്ര്‌ടീയപാർട്ടികളുടെ വായടപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും ജനമധ്യത്തിൽ തുറന്ന് എതിർക്കപ്പെടേണ്ടതുണ്ട്. ഈ വിഷയത്തിൽ രാഷ്ര്‌ടീയ സംസാകാരിക നേതൃത്വം മൗനം വെടിഞ്ഞു ക്രിയാത്മകമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

യോഗത്തിൽ കേന്ദ്ര പ്രസിഡന്റ് വി. മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ