ലഹരിവിമോചന ദൗത്യം നടപ്പിലാക്കുന്നതിന് സഭ പ്രതിജ്‌ഞാബദ്ധം: മാർത്തോമാ മെത്രാപ്പോലീത്ത
Friday, October 14, 2016 2:54 AM IST
ഡാളസ് : ലഹരി വസ്തുക്കളുടെ ലഭ്യതയും വിനാശകരമായ സ്വാധീനവും വർധിച്ചിരിക്കുന്ന കാലഘട്ടത്തിൽ ലഹരി വിമോചന ദൗത്യം ഊർജിതമായി നടപ്പാക്കുന്നതിന് സഭ പ്രതിജ്‌ഞാബദ്ധമാണെന്ന് മാർത്തോമാ സഭാ പരമാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമാ ലഹരിവിമോചന ദൗത്യം നടപ്പിലാക്കുന്നതിന് സഭ പ്രതിജ്‌ഞാബദ്ധം: മാർത്തോമാ മെത്രാപ്പോലീത്ത സഭാ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ലഹരി, ആസക്‌തി തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളോടുളള ക്രിയാത്മക പ്രതികരണമായാണ് മാർത്തോമാ സഭാ മദ്യവർജന പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മാരാമൺ മണൽ പുറത്തു നിന്നും തുടക്കം കുറിച്ച ലഹരിവർജന പ്രസ്‌ഥാനത്തിന്റെ പിൻ തുടർച്ചയുടെ ഭാഗമായാണ് എല്ലാ വർഷവും മാരാമൺ കൺവൻഷനിൽ ബുധനാഴ്ച സാമൂഹ്യ തിന്മകൾക്കായുളള പ്രബോധനത്തിനായി വേർതിരിച്ചിരിക്കുന്നത്. അതോടൊപ്പം മാർത്തോമാ സഭ ആകമാനം ജനുവരി രണ്ടാം തീയതി ഞായറാഴ്ച ലഹരി വിരുദ്ധ ദിനമായി വേർതിരിക്കുകയും ചെയ്തിട്ടുളളത്.

മാർത്തോമാ സഭയുടെ നേതൃത്വത്തിൽ ലഹരി വിമോചന രംഗത്ത് നിയോഗിതമായ സോഷ്യൽ ഈവിൾസ് അവയർനെസ് കാമ്പയിൻ കമ്മറ്റിയുടെ പ്രവർത്തനം ശ്ലാഘനീയമാണ്. ഈ കമ്മിറ്റിയുടെ പ്രവർത്തനം സജീവമാക്കുന്നതിന് ഭദ്രാസന തലത്തിൽ എപ്പിസ്കോപ്പാമാരുടേയും സെന്റർ തലത്തിൽ പട്ടക്കാരുടേയും ചുമതലയിൽ ലഹരി വിമോചന സമിതി രൂപീകരിക്കേണ്ടതാണെന്നും മെത്രാപ്പൊലീത്താ നിർദേശിച്ചു.

മെത്രാപ്പൊലീത്തായുടെ അറുപതാമത് പൗരോഹിത്യ ജൂബിലിയോടനുബന്ധിച്ചു 60 സെന്ററുകളിൽ ലഹരി വിമോചന സമിതികൾ രൂപീകരിച്ചു. സഭയുടെ ദൗത്യം വിപുലപ്പെടുത്തുന്നതിന് സഭാ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ലഹരി വിമോചന സമിതികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ക്രിയാത്മക സ്വാധീന ശക്‌തിയാകുവാൻ ഇടയാകട്ടെ എന്നു മെത്രാപ്പൊലീത്താ ആശംസിച്ചു.

നോർത്ത് അമേരിക്കാ ഭദ്രാസനത്തിൽ ഇടവക തിരഞ്ഞെടുപ്പുകൾ നടക്കാതിരിക്കെ മെത്രാപ്പൊലീത്തായുടെ നിർദ്ദേശങ്ങൾ പ്രസക്‌തമാണ്. മദ്യാസ്ക്‌തിയുളളവർ ഇടവക കൈസ്‌ഥാന സമിതികളിലേക്ക് മത്സരിക്കരുതെന്നും ഇത്തരക്കാർ മത്സരിക്കുന്നുണ്ടെങ്കിൽ വിവരം അറിയിക്കണമെന്നും മെത്രാപ്പൊലീത്താ സഭാ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി. പി. ചെറിയാൻ