ചിന്തയിലും വാക്കിലും പ്രവർത്തിയിലും ഉത്തമ കത്തോലിക്കരാകുക: ഫാ. ജിമ്മി പൂച്ചക്കാട്ട്
Friday, October 14, 2016 2:12 AM IST
ഫീനിക്സ്: കളങ്കരഹിതമായ മൂല്യബോധത്തോടെ സത്യസന്ധമായ മനുഷ്യബന്ധം നിലനിർത്തി ഉത്തമ വിശ്വാസത്തോടെ ജീവിക്കണമെന്നാണ് കത്തോലിക്കരോട് സഭ ആവശ്യപ്പെടുക. കേവലമായ ഭക്‌താനുഷ്ഠാനങ്ങളോ, ചടങ്ങുകളോ, ആഘോഷങ്ങളോ കത്തോലിക്കാ വിശ്വാസത്തെ പൂർണ്ണമാക്കുന്നില്ല. വിശ്വാസ പ്രമാണത്തിലൂടെ സഭ പഠിപ്പിക്കുന്ന പന്ത്രണ്ട് വിശ്വാസപ്രഖ്യാപനങ്ങളുടെ ഏറ്റുപറച്ചിലും തദനുസാരമുള്ള ജീവിതവുമാണ് കത്തോലിക്കാ വിശ്വാസത്തെ പൂർണ്ണമാക്കുന്നത്. വിശ്വാസ പ്രമാണത്തിലൂടെ നാം ഏറ്റുചൊല്ലുന്ന പന്ത്രണ്ട് വിശ്വാസ സത്യങ്ങളെ പരിശുദ്ധത്രിത്വം, പരിശുദ്ധ സഭ, നിത്യജീവിതം എന്നിങ്ങനെ മൂന്നായി സംഗ്രഹിച്ചിരിക്കുന്നു വിശുദ്ധ അഗസ്റ്റിൻ. ഈ അടിസ്‌ഥാന വിശ്വാസ സത്യങ്ങളിൽ ഏതെങ്കിലുമൊന്ന് വാക്കിലോ പ്രവർത്തിയിലോ നിഷേധിച്ചാൽ കത്തോലിക്കാ വിശ്വാസം അപൂർണ്ണമാകുമെന്നും റവ.ഫാ. ജിമ്മി പൂച്ചക്കാട്ട് അഭിപ്രായപ്പെട്ടു.

അരിസോണ ഹോളിഫാമിലി സീറോ മലബാർ ദേവാലയം സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ആഗോള സീറോ മലബാർ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്‌താവ് കൂടിയായ ഫാ. ജിമ്മി.

കരുണാവർഷം പ്രമാണിച്ച് ഫീനിക്സ് ഹോളി ഫാമിലി സീറോ മലബാർ ഇടവക നടത്തിവരുന്ന വിവിധ കർമ്മപരിപാടികളുടെ ഭാഗമായാണ് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ദ്വിദിന സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ മനോജ് ജോൺ, പ്രസാദ് ഫിലിപ്പ്, ജയ്സൺ വർഗീസ് എന്നിവർ പരിപാടികളുടെ സംഘാടകരായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം