സയിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ് 2016: ഒക്ടോബർ 14ന്
Friday, October 14, 2016 1:20 AM IST
ദുബായ്: ദുബായ് മലപ്പുറം ജില്ലാ കെഎംസിസി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സയിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ്2016 ഒക്ടോബർ 14ന് വൈകുന്നേരം ആറിന് ദുബായ് റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും.

പരിപാടിയുടെ ആദ്യ സെഷനായ അക്കാഡമിക് സെഷനിൽ ‘സയിദ് ശിഹാബ് മാനവികതയുടെ ഉപാസകൻ’ എന്ന വിഷയത്തിൽ പ്രഫ. സജാദ് ഇബ്രാഹിം (കേരള യൂണിവേഴ്സിറ്റി) പ്രഭാഷണം നടത്തും. 8.30ന് നടക്കുന്ന മെമ്മോറിയൽ സ്പീച്ചിൽ തന്റെ സഹപാഠിയോടോത്തുള്ള കലാലയ ജീവിതത്തെ കുറിച്ച് അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ശിഹാബ് തങ്ങളുടെ സഹപാഠിയും പ്രമുഖ അറബിക് എഴുത്തുകാരനും കവിയുമായ ഡോ. മുഹമ്മദ് ശുഹൈബ് നഗ്രമി (അൽ അസ്ഹർ യൂണിവേഴ്സിറ്റി, ഈജിപ്ത്) സംസാരിക്കും. സയിദ് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ യുഎഇയിലെ സാമൂഹ്യസാംസ്കാരികരാഷ്ര്‌ടീയവ്യവസായ മേഖലയിലെ പ്രമുഖർ കെഎംസിസി കേന്ദ്രസംസ്‌ഥാന നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.

രണ്ടാം സെഷന്റെ ഭാഗമായി ‘അക്ഷരകൂട്ട് പദ്ധതി’ നടപ്പാക്കും. ഈ പദ്ധതി പ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത 125 ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അക്കാഡമിക് നിലവാരം ഉയർത്താൻ ഉപകരിക്കുന്ന ഗ്രന്ഥങ്ങൾ നൽകും.

സയിദ് ശിഹാബ് ഔട്ട്സ്റ്റാന്റിംഗ് പേഴ്സണാലിറ്റി അവാർഡ് 2016 ന് അർഹരായ വേണു കുന്നപള്ളി (അത്താരിദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷമീന സലിം (ജി.ടി ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷാജി ഐക്കര (ഈഫൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരെയും എക്സലന്റ് സി.എസ്.ആർ ആക്ടിവിറ്റീസ് അവാർഡ് 2016 (അൽ മുർഷിദി ഗ്രൂപ്പ്) നെയും ചടങ്ങിൽ ആദരിക്കും.

സയിദ് ശിഹാബ് ഇന്റർനാഷണൽ സമിറ്റിന്റെ രണ്ടാം സെഷനോട് അനുബന്ധിച്ചുകൊണ്ട് ജില്ലാ കെഎംസിസി മീഡിയ വിഭാഗം സയിദ് ശിഹാബ് ഒരു സമകാലിക വായന എന്ന വിഷത്തിൽ ജില്ലയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ പ്രബന്ധ മത്സരം ഒരുക്കിയിട്ടുണ്ട്. കൂടാതെ പരിപാടിയോടനുബന്ധിച്ച് അന്നേ ദിവസം ഡോക്യുമെന്ററി പ്രദർശനം, കവിതാലാപനം, ഉണർത്തു പാട്ടുകൾ എന്നിവയും നടക്കും.

പത്ര സമ്മേളനത്തിൽ പി.കെ അൻവർ നഹ (ദുബൈ കെഎംസിസി പ്രസിഡന്റ്),
മുസ്തഫ തരൂർ (ദുബായ് കെഎംസിസി വൈസ് പ്രസിഡന്റ്), ചെമ്മുക്കൻ യാഹുമോൻ (മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ്), പി.വി. നാസർ (മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി), മുസ്തഫ വേങ്ങര (മലപ്പുറം ജില്ലാ കെഎംസിസി ട്രഷറർ), നിഹ്മത്തുള്ള മങ്കട (മലപ്പുറം ജില്ലാ കെഎംസിസി മീഡിയ ചെയർമാൻ), വി.കെ. റഷീദ് (മലപ്പുറം ജില്ലാ കെഎംസിസി മീഡിയ ജന:കൺവീനർ), കെ.പി.എ. സലാം (മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്), കരീം കാലടി (മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി), സിദ്ദീഖ് കാലൊടി (മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി) എന്നിവർ പങ്കെടുത്തു.