ഇന്റർ സ്കൂൾ നാടക മത്സരം ഡിസംബർ 8, 9, 10 തീയതികളിൽ
Friday, October 14, 2016 1:19 AM IST
റിയാദ്: സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്കിടയിൽ നാടക പ്രവർത്തനങ്ങൾ നടത്തുന്നതിനായി രൂപീകരിച്ച റിയാദ് നാടകവേദിയുടെ ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിഭാഗത്തിന്റെ നേതൃത്വത്തിൽ റിയാദിലെ 17 ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് മൂന്നാമത് ഇന്റർസ്കൂൾ നാടക മത്സരം സംഘടിപ്പിക്കുന്നു.

ഡിസംബർ 8, 9, 10 തീയതികളിൽ റിയാദിലായിരിക്കും നാടകമത്സരം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ 30 മിനുട്ട് നീണ്ടു നിൽക്കുന്ന നാടകങ്ങളിൽ നിന്നും വിജയികളാകുന്നവർക്ക് നോർക്ക നൽകുന്ന സമ്മാനവും കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനമായി ലഭിക്കും.

ഏറ്റവും നല്ല നടനായി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിക്ക് പത്മശ്രീ തിലകൻ അവാർഡും മികച്ച നടിക്ക് പത്മശ്രീ സുകുമാരി അവാർഡും നൽകുമെന്നും സംഘാടകർ അറിയിച്ചു. ഈ വർഷത്തെ നാടക മത്സരങ്ങളോടനുബന്ധിച്ച് മികച്ച നാടക ഫോട്ടോഗ്രാഫി മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിന്റെ പേരിലാണ് പുരസ്കാരം നൽകുക.

വിദ്യാർഥികളുടെ സംസ്കാരിക സാമൂഹ്യ മുന്നേറ്റങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ശക്തമായ ഇടപെടലുകൾക്ക് സാധ്യത കുറവായ പ്രവാസഭൂമിയിൽ വളരുന്ന തലമുറയെ നാടകകലയുമായി അടുപ്പിക്കുന്നതിനും കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ നാടകവേദി സ്ഥാപകനായ ദീപക് കലാനി, സെക്രട്ടറി ശരത് അശോക്, ചെയർമാൻ വിശ്വനാഥൻ, പ്രസിഡന്റ് ശ്യാം പന്തളം, സെലിൻ പട്ടത്തിൽ, രാജു തൃശൂർ എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ