പാരീസിലെ ഈഫൽ ടവറിൽ ബോളിവുഡ് സിനിമ ട്രെയിലർ റിലീസ്
Wednesday, October 12, 2016 8:12 AM IST
പാരീസ്: ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായി പാരീസിലെ ഈഫൽ ടവറിൽ സിനിമ ട്രെയിലർ റിലീസ്. സിനിമയ്ക്കും പ്രണയത്തിനും പേരു കേട്ട പാരീസ് നഗരം ഒരു ബോളിവുഡ് പ്രണയ ചിത്രത്തിന്റെ ട്രെയിലർ റിലീസിനും സാക്ഷിയായതും കൗതുകമായി.

ലോക പ്രശസ്തമായ ഈഫൽ ടവറിനു മുകളിലാണ് ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം നടന്നത്. യാഷ്രാജ് ഫിലിംസിന്റെ ബാനറിൽ പ്രശസ്ത ബോളിവുഡ് സംവിധായകന് ആദിത്യ ചോപ്ര സംവിധാനം ചെയ്ത ബെഫിക്കർ എന്ന പ്രണയ സിനിമ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത് പാരീസിലാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമയായ ദിൽ വാലെ ദുൽ ഹനിയെ ലെ ജായേങ്കെ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ആദിത്യ ചോപ്ര.

ബോളിവുഡ് താരങ്ങളായ രൺബീർസിംഗ്, വാണികപൂർ എന്നിവരാണ് ബെഫിക്കറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാരീസിന്റെ മാനോഹാരിത ഒപ്പിയെടുത്ത് ഫ്രഞ്ച് രീതികൾ കൂട്ടിയിണക്കി തയാറാക്കിയിട്ടുള്ള ഒരു ചിത്രമാണ് ബെഫിക്കർ. നിരവധി ഫ്രഞ്ച് താരങ്ങളും പാരീസിൽ താമസിക്കുന്ന ഇന്ത്യക്കാരും സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ചിട്ടുണ്ട്.

ട്രെയിലറിന്റെ പ്രകാശനചടങ്ങിൽ പാരിസ് മേയർ ആനി ഹിഡാല്ഗോ, ഇന്ത്യൻ അംബാസഡർ മോഹൻകുമാർ തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന താരങ്ങളായ രൺബീർസിംഗ്, വാണികപൂർ എന്നിവരും പങ്കെടുത്തു. ഇന്ത്യയിൽ നിന്നും കൂടുതൽ സഞ്ചാരികൾ ഫ്രാൻസിലേക്ക് എത്തുന്നതിന് ഈ ചിത്രം സഹായകമാകുമെന്ന് പാരിസ് മേയർ ആനി ഹിഡാൽഗോ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യക്കാർക്ക് ഒരേയൊരു മതമേയുള്ളുവെന്നും അത് ബോളിവുഡ് ആണെന്നും ഇന്ത്യൻ അംബാസഡർ മോഹൻകുമാർ പറഞ്ഞു. ചെറുപ്പകാലം മുതൽ പാരീസിൽ വിവിധ കലാപരിപാടികളിൽ പങ്കെടുത്തിട്ടുള്ള തനിക്ക് പാരീസ് തന്റെ സ്വന്തം നാടുപോലെ തന്നെയാണെന്ന് നായകൻ രൺവീർകപൂർ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട വ്യക്‌തികൾക്കും പത്രപ്രവർത്തകർക്കും മാത്രമായിരുന്നു ട്രെയ്ലർ പ്രദർശനമെങ്കിലും ഒട്ടേറെ ആളുകൾ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ഈഫൽ ടവറിനു ചുറ്റും മുകളിലും തടിച്ചു കൂടിയിരുന്നു. ഈഫൽ ടവറിനു മുകളിലുള്ള ഗുസ്താവ് ഈഫൽ ഹാളിലായിരുന്നു പരിപാടി. വിഭവ സമൃദ്ധമായ ഡിന്നറും ഇതോടൊപ്പം ഒരുക്കിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഫ്രാൻസ് കോഓർഡിനേറ്റർ കെ.കെ.അനസും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ