ടാമ്പാ തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ ഒക്ടോബർ 21, 22, 23 തീയതികളിൽ
Wednesday, October 12, 2016 8:10 AM IST
ടാമ്പാ (ഫ്ളോറിഡ): ടാമ്പാ തിരുഹൃദയ ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ഒക്ടോബർ 21, 22, 23 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

21ന് വൈകുന്നേരം ആറിന് തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് നടത്തും. തുടർന്ന് വിശുദ്ധ കുർബാനയും ആരാധനയും നടക്കും. 22ന് വൈകുന്നേരം 5.30 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് കോട്ടയം അതിരൂപതയുടെ വികാര ജനറാൾ ഫാ. ലല്ലു കൈതാരം മുഖ്യ കാർമികത്വം വഹിക്കും. ഫാ. റെനി കട്ടേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണവും കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിലുള്ള കലാ സന്ധ്യയും സ്നേഹവിരുന്നും നടക്കും.

പ്രധാന തിരുനാൾ ദിനമായ 23ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ റാസക്ക് ഫാ. റെനി കട്ടേൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ലല്ലു കൈതാരം സന്ദേശം നൽകും. തുടർന്നു ആഘോഷമായ തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ വാഴ്വും സ്നേഹവിരുന്നും നടക്കും.

ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ ജിമ്മി കാവിൽ ആൻഡ് ഫാമിലി, സന്തോഷ് പുതിയാകുന്നേൽ ആൻഡ് ഫാമിലി, രാജീവ് കൂട്ടുങ്കൽ ആൻഡ് ഫാമിലി, ജിമ്മി കളപ്പുര ആൻഡ് ഫാമിലി എന്നിവരാണ്.

വികാരി ഫാ. ഡൊമിനിക് മഠത്തിൽകളത്തിലിന്റെ നേതൃത്വത്തിലുള്ള ഇടവക നേതൃത്വവും പാരീഷ് കൗൺസിൽ അംഗങ്ങളും തിരുനാളിന് നേതൃത്വം നൽകും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം