കേരള വിഭാഗം ഓണം – ഈദ് ആഘോഷം ഒക്ടോബർ 15ന്
Wednesday, October 12, 2016 7:06 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണം – ഈദ് ആഘോഷം ഒക്ടോബർ 15ന് (ശനി) നടക്കും. റുവിയിലെ അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ

പ്രശസ്ത നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ ഡോ. ഖദീജ മുംതാസ് മുഖ്യാതിഥിയായിരിക്കും. അന്തരിച്ച പ്രശസ്ത കവിയും ഗാന രചയിതാവുമായ ഒഎൻവി കുറുപ്പിന് ആദരാഞ്ജലികൾ അർപ്പിച്ച് പിന്നണി ഗായകൻ കെ.കെ. നിഷാദ് അവതരിപ്പിക്കുന്ന ഗാനമേളയാണ് ആഘോഷങ്ങളിലെ മുഖ്യ പരിപാടി. നിഷാദിനോടൊപ്പം മസ്കറ്റിലെ പ്രമുഖ ഗായകരും വേദിയിലുണ്ടാകും.

നടൻ, മാമ്പഴക്കാലം, ഒരു നാൾ വരും, ചക്രവ്യൂഹം, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങി നിരവധി ചിത്രങ്ങളിൽ പിന്നണി പാടിയ നിഷാദ്, രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാന രംഗത്തെത്തുന്നത്. കൈരളി സ്വരലയ യേശുദാസ് അവാർഡ്, ഗി എംഎംഎ. അവാർഡ്, വയലാർ അവാർഡ്, എൻ.പി.അബു സ്മാരക അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഓണം – ഈദ് ആഘോഷത്തോടനുബന്ധിച്ച് കേരള വിഭാഗം ഏപ്രിലിൽ നടത്തിയ യുവജനോത്സവ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്യും. ഇന്ത്യയിൽ നിന്നുമെത്തിയ വിധികർത്താക്കളായിരുന്നു ഇത്തവണ ഫല നിർണയം നടത്തിയത്. പങ്കാളിത്തം കൊണ്ടും മത്സരങ്ങൾ നടത്തുന്നതിലെ മികവ് കൊണ്ടും ഒമാനിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് കേരള വിഭാഗം നടത്തുന്ന യുവജനോത്സവം.

റിപ്പോർട്ട്: സേവ്യർ കാവാലം