ഡൽഹി സീറോ മലബാർ മിഷൻ രജതജൂബിലി സമാപനം ഒക്ടോബർ 15ന്
Wednesday, October 12, 2016 5:17 AM IST
ന്യൂഡൽഹി: ഡൽഹി സീറോ മലബാർ മിഷൻ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഒക്ടോബർ 15ന് (ശനി) വൈകുന്നേരം നാലിന് നടക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത അധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആർച്ച്ബിഷപ് അനിൽ കുട്ടോ, മാർ എഫ്രേം നരികുളം, മാർ ബർണബാസ്, ജസ്റ്റിസ് കുര്യൻ ജോസഫ്, മോൺ. ജോസ് ഇടശേരി, മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഫാ. പോൾ മാടശേരി, സിസ്റ്റർ ഉഷ, പ്രൊവിൻഷ്യൽ സുപ്പീരിയർ (SH) എന്നിവർ പ്രസംഗിക്കും.

ചടങ്ങിൽ ഫരീദാബാദ് രൂപതാതിർത്തിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌ഥാപനത്തിന് ആതുര സേവനത്തിനുള്ള ഫിലിയന്ത്രോപ്പി അവാർഡ് സമ്മാനിക്കും. രൂപതയിലെ 85 വയസ് പ്രായമായവരെ പ്രത്യേകം ആദരിക്കും. തുടർന്ന് സ്‌ഥലം മാറിപ്പോകുന്ന ഇന്ത്യയുടെ വത്തിക്കാൻ സ്‌ഥാനപതിയായിയിരുന്ന ആർച്ച് ബിഷപ് സാൽവത്തോരെ പെനാക്കിയോയ്ക്കു യാത്രയയപ്പു നൽകും. സിബിസിഐയുടെ പുതിയ ജനറൽ സെക്രട്ടറി ബിഷപ് തിയോഡോർ മസ്കാരൻഹാസിനെ സ്വാഗതം ചെയ്യും. ഡൽഹി സീറോ മലബാർ മിഷന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രം അവതരിപ്പിക്കും.

ജൂബിലി സമാപന സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കായി മോൺ. ജോസ് ഇടശേരി ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ഫാ. മാത്യു കിഴക്കേചിറ