വിവ വടകര പ്രതിനിധികൾ കുവൈത്ത് സന്ദർശിക്കുന്നു
Wednesday, October 12, 2016 5:03 AM IST
കുവൈത്ത്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലന കേന്ദ്രമായ വിവ സ്കൂൾ ഫോർ ദി മെന്റലി ചാലഞ്ച്ഡ് വിപുലീകരണത്തിന്റെ ഭാഗമായി വിവ പ്രതിനിധികൾ ഒക്ടോബർ 13 ന് കുവൈത്ത് സന്ദർശിക്കുന്നു.

മുന്നൂറോളം ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂൾ സ്‌ഥലപരിമിതി മൂലം വിദ്യാർഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. ആരംഭകാലം മുതൽ സ്കൂൾ നടത്തിപ്പിനാവശ്യമായ ഭീമമായ സംഖ്യ ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവ വടകരയാണ് വഹിക്കുന്നത്.

ചെലവുകൾ അനിയന്ത്രിതമായി വർധിച്ചതും പുതിയ കുട്ടികളുടെ കടന്നുവരവും ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കാൻ നിർബന്ധമാക്കിയിരിക്കുകയാണ്. കമ്മിറ്റിയുടെ പ്രവർത്തനം ഗൾഫ് മേഖലയിലേക്ക് വ്യാപിക്കുവാനും പുതിയ കെട്ടിട നിർമാണത്തിന്റെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് അടുത്ത വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഫർവാനിയയിലെ ഐഡിയൽ ഓഡിറ്റോറിയത്തിൽ വിവ വടകരയുടെ യോഗം വിളിച്ചിരിക്കുകയാണ്. യോഗത്തിൽ എല്ലാ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് വിവ വടകര ഭാരവാഹികൾ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് 99310960, 97825616.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ