സമസ്ത ബഹറിൻ മുഹറം ദ്വിദിന കാമ്പിന് മനാമയിൽ ഉജ്‌ജ്വല തുടക്കം
Wednesday, October 12, 2016 5:02 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റി മനാമയിൽ സംഘടിപ്പിക്കുന്ന മുഹറം ക്യാമ്പിന് ഉജ്‌ജ്വല തുടക്കം.

മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ ആരംഭിച്ച പഠന ക്യാമ്പിൽ സമസ്ത കേരള ജംഇയത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും പ്രമുഖ കർമ ശാസ്ത്ര പണ്ഡിതനുമായ ശൈഖുനാ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാരാണ് ക്ലാസെടുക്കുന്നത്. ഇത് ആദ്യമായാണ് ബഹറിനിൽ അദ്ദേഹം ക്ലാസെടുക്കുന്നത്.

ചൊവ്വാഴ്ച ബഹറിൻ എയർപോർട്ടിൽ എത്തിയ ഉസ്താദിന് സമസ്ത ബഹറിൻ നേതാക്കളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ ഉജ്‌ജ്വല സ്വീകരണമാണ് നൽകിയത്. തുടർന്ന് സമസ്ത ആസ്‌ഥാനത്ത് നടന്ന പ്രവർത്തക സംഗമത്തിലും ഉസ്താദ് പങ്കെടുത്തു. തുടർന്ന് വൈകുന്നേരം നാലു മുതൽ ആരംഭിച്ച ഖത്മുൽ ഖുർആൻ മജ് ലിസിലും ഇഫ്താർ സംഗമത്തിലും ഉസ്താദിന്റെ സാന്നിധ്യവും പ്രാർഥനയും വിശ്വാസികൾക്ക് ആത്മീയാനുഭൂതി പകരുന്നതായിരുന്നു. ഇഫ്താർ സംഗമത്തോടെ സമാപിച്ച പ്രഥമ സെഷനിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. രാത്രി നടന്ന സെഷനിൽ മയ്യിത്ത് പരിപാലനം എന്ന വിഷയത്തിൽ ഒരു വ്യക്‌തി രോഗിയായതു മുതൽ മരണപെടുമ്പോഴും ഖബറടക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളും കർമങ്ങളും ലളിതമായാണ് അദ്ദേഹം വിശദീകരിച്ചത്.

രണ്ടാം ദിവസമായ ബുധൻ രാവിലെ 10 മുതൽ കർമ ശാസ്ത്ര സംബന്ധമായ പഠന ക്ലാസും സംശയ നിവാരണവും നടക്കും. വൈകുന്നേരം അഞ്ചു വരെ നീണ്ടു നിൽക്കുന്ന സെഷനിൽ സ്ത്രീകൾക്കും പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
വിവരങ്ങൾക്ക് +97333842672.