സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ നാലാമതു വാർഷികവും ഓണാഘോഷവും
Wednesday, October 12, 2016 2:08 AM IST
ബ്രിസ്ബേൻ: കലാകാരന്മാരുടെ സൃഷ്‌ടികൾ അനേകം മനുഷ്യരിലേക്കു എത്തിക്കുക, അതിനുള്ള അവസരം സൃഷ്‌ടിക്കുക, എല്ലാ കലാകാരന്മാർക്കും അവസരം നൽകുക തുടങ്ങിയ ഉദേശ്യലക്ഷ്യത്തോടെ നിസ്വാർഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ നാലാമതു വാർഷികവും ഓണാഘോഷവും നടത്തി.

കൊളാണ്ട്ര സിസിഎസ് ഹാളിൽ നടന്ന ആഘോഷം ചലച്ചിത്ര സംവിധായകനും നടനും നിർമാതാവും എഴുത്തുകാരനുമായ ജോയ് കെ.മാത്യു ഉദ്ഘാടനം ചെയ്തു. സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡന്റ്് തോമസ് ചെറിയാൻ, സെക്രട്ടറി അജക്സ് ഡാനിയൽ മാത്യു, വൈസ് പ്രസിഡന്റ് സണ്ണി ജോർജ് എന്നിവർ പ്രസംഗിച്ചു.



തുടർന്നു നാൽപ്പതോളം കലാപരിപാടികൾ അവതരിപ്പിച്ചു. ഷൈനി ആൽഡ്രിൻ ആൻഡ് ടീം, ജോബിഷ് ആൻഡ് ടീം എന്നിവർ അവതരിപ്പിച്ച തിരുവാതിരയും നീന സണ്ണി അവതരിപ്പിച്ച നൃത്തവും ജോബിഷും ഭാര്യ ടെസ്സയും അവതരിപ്പിച്ച നാടോടി നൃത്തം, ലിനിയും സംഘവും അവതരിപ്പിച്ച സംഘനൃത്തം എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു. ഫെബിൻ മനോജിന്റെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷൻ, എറിക് സണ്ണിയുടെ ഡ്രംസ് ഫ്യൂഷൻ, ആഗ്നസും ടീമും അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ആൽബി തോമസും ടീമും അവതരിപ്പിച്ച സ്കിറ്റ്്്, പ്രൈസി സണ്ണിയും ടീമും അവതരിപ്പിച്ച കപ്പിൾ ഡാൻസ് എന്നിവ പ്രത്യേക സമ്മാനത്തിനർഹമായി.

വനിതകളുടെ വടംവലി മത്സരത്തിൽ പ്രൈസി സണ്ണിയും ടീമും പുരുഷ വടംവലിയിൽ നിഷാൻ തോമസും ടീമും ഒന്നാം സമ്മാനം നേടി. വിജയികൾക്കുള്ള സമ്മാനം ജോയ്.കെ.മാത്യു വിതരണം ചെയ്തു.