ഫ്രാങ്ക്ഫർട്ട് പുസ്തകമേള ഒക്ടോബർ 19 മുതൽ
Tuesday, October 11, 2016 8:19 AM IST
ഫ്രാങ്ക്ഫർട്ട്: ലോകത്തെ ഏറ്റവും വലിയ പുസ്തക മേള ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഒക്ടോബർ 19 ന് (ബുധൻ) തുടങ്ങും. ഓൺലൈൻ ഭീമനായ ആമസോണിൽ നിന്നുള്ള കടുത്ത വെല്ലുവിളി നേരിടാൻ പ്രസാധകർ കൈമെയ് മറന്നു പൊരുതുന്ന പശ്ചാത്തലത്തിലാണ് അറുപത്തിയെട്ടാമത് പുസ്തക മേള ആരംഭിക്കുന്നത്. ഹോളണ്ടാണ് ഇത്തവണത്തെ അതിഥി രാജ്യം.

ഒരു കൂട്ടം പുതിയ പ്രസാധകരുടെ വരവും പുസ്തക പ്രേമികളെ ആവേശത്തിലാക്കുന്നു. എന്നാൽ, പഴയവരും പുതിയവരും തമ്മിലല്ല, പ്രിന്റ് ബുക്കുകളും ഇ–ബുക്കുകളും തമ്മിലാണ് പ്രധാനം മത്സരം നടക്കാൻ പോകുന്നത്.

വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിലേറെ പ്രസാധകരാണ് അഞ്ചു ദിവസം നീളുന്ന മേളയിൽ പങ്കെടുക്കുന്നത്. 70 രാജ്യങ്ങളിൽ നിന്നായി 10,000 ത്തോളം മാധ്യമ പ്രവർത്തകർ ഇത്തവണത്തെ മേള ലോകവായനക്കാരിൽ നിറയ്ക്കാൻ ഫ്രാങ്ക്ഫർട്ടിൽ എത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നും 60 ഓളം പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.

18ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. ആരംഭ ദിവസം രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവേശനം. 23 ന് തിരശീല വീഴും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ