പെൺകുട്ടികളുടെ രാജ്യം സ്വീഡൻ
Tuesday, October 11, 2016 8:18 AM IST
സ്റ്റോക്ക്ഹോം: പെൺകുട്ടികൾക്ക് ജീവിക്കാൻ ഏറ്റവും യോജിച്ച ലോകരാജ്യം സ്വീഡനെന്ന് സേവ് ദ ചിൽഡ്രൻ റിപ്പോർട്ട്. പെൺകുട്ടികൾക്കായുള്ള അന്താരാഷ്ര്‌ട ദിവസമായ ചൊവ്വാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ലോകത്തിൽ പെൺകുട്ടികൾക്ക് ആൺകുട്ടികളുടേതിനു തുല്യമായ അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്നതിന് ഇനിയുമേറെ മുന്നോട്ടു പോകാനിരിക്കുന്നു എന്ന് സേവ് ദ ചിൽഡ്രൻ ഇന്റർനാഷണൾ സിഇഒ ഹെല്ലെ തോണിങ് ഷ്മിഡ്റ്റ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച ഗേൾസ് ഓപ്പർച്യൂണിറ്റി സൂചികയിലാണ് സ്വീഡൻ ഒന്നാമതെത്തിയിരിക്കുന്നത്. ശൈശവ വിവാഹം, പ്രായപൂർത്തിയാകാതെയുള്ള ഗർഭധാരണം, പ്രസവത്തോടനുബന്ധിച്ചുള്ള മരണം, വനിതാ എംപിമാരുടെ എണ്ണം, ലോവർ സെക്കൻഡറി സ്കൂളുകളിലെ പെൺകുട്ടികളുടെ അനുപാതം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് സൂചിക തയാറാക്കിയിരിക്കുന്നത്.

ഫിൻലൻഡാണ് സൂചികയിൽ രണ്ടാം സ്‌ഥാനത്ത്. നോർവേ, നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങൾ തൊട്ടടുത്ത സ്‌ഥാനങ്ങളിലുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ