പ്രവാസിയുടെ കുടുംബത്തിന് കെഎംസിസിയുടെ കൈത്താങ്ങ്
Saturday, October 8, 2016 8:14 AM IST
റിയാദ്: ചികിത്സക്കിടെ മരിച്ച പ്രവാസിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി റിയാദ് കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റി. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ഭീഷണി നേരിട്ടിരുന്ന കോഴിക്കോട് ജില്ലയിലെ കൊളത്തറ റഹ്മാൻ ബസാറിലെ പരേതനായ പുളിക്കൽ മുക്കത്ത് മുസ്തഫയുടെ കുടുംബത്തിനാണ് ബേപ്പൂർ കെഎംസിസി തുണയായത്.*

സൗദി അറേബ്യയിലെ ദരയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മുസ്തഫ മഞ്ഞപ്പിത്തം ബാധിച്ചതിന്റെ തുടർന്ന് നാട്ടിലെത്തുകയും ചികിത്സക്കിടെ മരണം സംഭവിക്കുകയുമായിരുന്നു. വീട് പണയപ്പെടുത്തി എടുത്ത ലോൺ തിരിച്ചടവ് വൈകിയതിനെ തുടർന്ന് ബാങ്ക് ജപ്തി ചെയ്യാൻ ഉത്തരവായതായിരുന്നു. ഒരു ലക്ഷത്തി നാല്പതിനായിരം രൂപയാണ് ബേപ്പൂർ മണ്ഡലം കെഎംസിസി ഭാരവാഹികൾ മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം അവരുടെ വീട്ടിലെത്തി കൈമാറിയത്.*

സംസ്‌ഥാന മുസ്ലിം ലീഗ് സെക്രട്ടറി എം.സി. മായിൻ ഹാജി തുക ചെറുവണ്ണൂർ നല്ലളം പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി.ഇമ്പിച്ചിക്കോയക്ക് കൈമാറി. കെഎംസി.സി വൈസ്പ്രസിഡന്റ് അബ്ദുസമദ് പെരുമുഖം അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. ആലികുട്ടി, പാലോറ തൻസി, ബി. അഷ്റഫ്, കെ.ഷാഹുൽ ഹമീദ്, മൊയ്തീൻ ചെറുവണ്ണൂർ, അക്ബർ വേങ്ങാട്ട്, മനാഫ് മണ്ണൂർ, സി.കെ ഹംസക്കോയ, ഹനീഫ നിലാട്ടിയിൽ, മൊയ്തീൻ പെരുമുഖം,*ജലീൽ കല്ലമ്പാറ എന്നിവർ സംബന്ധിച്ചു.*

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ