ആർഎസ്സി ജിദ്ദ സോൺ സാഹിത്യോത്സവ് ഒക്ടോബർ 28ന്
Saturday, October 8, 2016 6:41 AM IST
ജിദ്ദ: പ്രവാസി യൗവനങ്ങളുടെയും കുട്ടി കൗമാരങ്ങളുടെയും സർഗാത്മകത വളർത്തുക എന്ന ലക്ഷ്യത്തോടെ റിസാല സ്റ്റഡി സർക്കിൾ നടത്തിവരുന്ന ‘സാഹിത്യോത്സവ് 2016’ ഒക്ടോബർ 28ന് (വെള്ളി) നടക്കും.

യൂണിറ്റ്, സെക്ടർ തല മത്സരങ്ങളിൽ വിജയികളാവുന്ന മൂന്നൂറോളം പ്രതിഭകൾ കിഡ്സ്, സബ്ജൂണിയർ, ജൂണിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മാറ്റുരക്കും. പാട്ടും വരയും പറച്ചിലും എഴുത്തുമായി മാനവികതയെ ഉണർത്തുന്ന കലാസാഹിത്യ ആസ്വാദനങ്ങളുടെ സാംസ്കാരിക വേദിയായി സാഹിത്യോത്സവ് മാറുമെന്ന് അധികൃതർ അറിയിച്ചു.

സാഹിത്യോത്സവിന്റെ നടത്തിപ്പിനായി ചേർന്ന യോഗം ഐസിഎഫ് മിഡിൽ ഈസ്റ്റ് സെക്രട്ടറി മുജീബ് എ ആർ നഗർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ അലി ബുഖാരി അധ്യക്ഷത വഹിച്ച യോഗത്തിൽ സയിദ് ഹബീബ് അൽ ബുഖാരി ഉപദേശക സമിതി ചെയർമാനും അബ്ദുന്നാസർ അൻവരി ചെയർമാനും ഗഫൂർ വാഴക്കാട് കൺവീനറും അബാസ് ചെങ്ങാനി ഫിനാൻസ് കോഓർഡിനേറ്ററും ആയി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ചടങ്ങിൽ മുഹ്യദ്ദീൻ സഅദി കൊട്ടൂക്കര, അബ്ദുറബ് ചെമ്മാട്, സുജീർ പുത്തൻപള്ളി, മുഹ്സിൻ സഖാഫി, സോൺ കൺവീനർ റഷീദ് പന്തലൂർ, ഗഫൂർ വാഴക്കാട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ