മെത്രാഭിഷേകം: സ്‌ഥാനാരോഹണ തിരുകർമങ്ങളുടെ ക്രമം
Saturday, October 8, 2016 4:40 AM IST
പ്രസ്റ്റൺ: നോർത്ത് എൻസ് സ്റ്റേഡിയത്തിൽ പ്രത്യേകമായി തയാർ ചെയ്തിരിക്കുന്ന മെത്രാഭിഷേക വേദിയിലേക്കു പ്രധാന കാർമികരും നിയുക്‌ത മെത്രാന്മാരും 1.30–നു സഹകാർമികരായ മറ്റു മെത്രാന്മാരാലും വൈദീകരാലും എത്തിച്ചേരും. ഈ പ്രദക്ഷിണത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നും ഓരോ പ്രതിനിധികൾ വീതം പങ്കുചേരും. ഗായകസംഘം ഈസമയത്തു പ്രവേശനഗാനം ആലപിക്കും.

പ്രദക്ഷിണം മെത്രാഭിഷേക വേദിയിലെത്തിക്കഴിയുമ്പോൾ മാർ ജോസഫ് സ്രാമ്പിക്കലിനെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടു ഫ്രാൻസീസ് മാർപാപ്പ പുറപ്പെടുവിച്ച ‘നിയമനപത്രം’ (ബൂളാ) വായിക്കും. തുടർന്നു നിയുക്‌ത മെത്രാൻ രക്‌തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദിക്കുന്ന ചടങ്ങാണ്. അതെ തുടർന്നു പ്രധാന കാർമികനായ കർദിനാളിന്റെ മുന്നിൽ മുട്ടുകുത്തി നിന്നു നിയുക്‌ത മെത്രാൻ വിശ്വാസപ്രഖ്യാപനം നടത്തും. അതിന്റെ സമാപനത്തിൽ വലതുകരം സുവിശേഷത്തിൽ വച്ചു സത്യപ്രതിജ്‌ഞ ചെയ്യും. അതിനുശേഷം പ്രധാന കാർമികനായ കർദിനാളിന്റെ നേതൃത്വത്തിൽ വി. കുർബാന/പ്രാരംഭ പ്രാർത്ഥനകൾ ആരംഭിക്കും. സങ്കീർത്തനങ്ങളും മറ്റു പ്രാർത്ഥനകളും ഈ അവസരത്തിൽ മാറിമാറി ചൊല്ലുന്നു. സുദീർഘമായ സുവിശേഷവായന പ്രധാന കാർമികൻ നടത്തും.



സുവിശേഷ വായനയ്ക്കുശേഷമാണു മെത്രാൻപട്ടം നൽകുന്ന ശുശ്രൂഷയുടെ ഏറ്റവും പ്രധാന കർമമായ കൈവെയ്പ് പ്രാർഥനാ ശുശ്രൂഷ നടക്കുന്നത്. രണ്ടു കൈവെയ്പ് പ്രാർഥനകളാണുള്ളത്. ഇതു പൂർത്തിയാകുമ്പോൾ ജോസഫ് സ്രാമ്പിക്കൽ മെത്രാൻപദവിയിലേക്കു ഉയർത്തപ്പെടുകയും, മെത്രാന്റെ ഔദ്യോഗിക ചിഹ്നങ്ങളായ മുടി/തൊപ്പി, വടി/അജപാലന ദണ്ഡ് എന്നിവ ധരിക്കാൻ യോഗ്യനായിത്തീരുകയും ചെയ്യുന്നു.

തുടർന്നു നവ അഭിഷിക്‌തനായ മാർ സ്രാമ്പിക്കൽ ജോസഫ് മെത്രാന്റെ മുഖ്യകാർമികത്വത്തിൽ പരി. കുർബാന തുടരും. വി. കുർബാന, സമാപന ആശീർവാദത്തോടെ പൂർത്തിയായിക്കഴിയുമ്പോൾ മെത്രാഭിഷേക ശുശ്രൂഷയുടെ മറ്റൊരു പ്രധാന ചടങ്ങായ സ്‌ഥാനാരോഹണ ശുശ്രൂഷ നടക്കും. ഇവിടെയും കർദിനാൾ തിരുമേനി തന്നെയാണ് പ്രധാന കാർമികൻ. പ്രാരംഭ പ്രാർഥനകൾക്കും ഗീതങ്ങൾക്കുംശേഷം, പ്രധാന കാർമികനായ ആലഞ്ചേരി തിരുമേനിയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാന്റെ ശിരസിൽ കൈവച്ച് സ്‌ഥാനാരോഹണ പ്രാർഥന നടത്തുന്നു. ഈ പ്രാർഥന പൂർത്തിയാകുമ്പോൾ മെത്രാഭിഷേക ശുശ്രൂഷകൾ പൂർണമാകുന്നു.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്