‘മാത്യു’ സംഹാരം തുടരുന്നു, അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക
Saturday, October 8, 2016 4:36 AM IST
ഫ്ളോറിഡ : ശക്‌തമായ പേമാരിയും കൊടുംകാറ്റും സൃഷ്‌ടിച്ചുകൊണ്ട്, ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിയടിച്ചുകൊണ്ട് ഹരി കെയിൻ ‘മാത്യൂ’ ഫ്ളോറിഡായിലും സമീപപ്രദേശങ്ങളിലും ദുരിതം വിതച്ചുകൊണ്ടിരിക്കുകയാണ്.

ഫ്ളോറിഡയുടെ കിഴക്കൻ തീരമായ സൗത്ത് കരോലിന, നോർത്ത് കരോലിന തുടങ്ങിയ പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതും അധികൃതർ തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുമാണ്. ചുഴലിക്കാറ്റും മഴയുമായി യോജിച്ച് ഇതിനോടകം ക്യൂബ, ഹെയ്ത്തി, ഡോമിനിക്കൽ റിപ്പബ്ലിക്കൻ എന്നിവിടങ്ങളിൽ വൻ കെടുതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

108 പേരുടെ ജീവനാണ് ചെറിയ പ്രദേശമായ ഹെയ്ത്തിയിൽ കൊടുംകാറ്റെടുത്തത്. ബാലിത്ത് വൃക്ഷങ്ങൾ കടപുഴകി വീണ്ടും മറ്റും കെട്ടിടങ്ങൾ പലതും നാമാവശേഷമായി. സംഹാരതീഷ്ണതയുടെ സുചനകളുടെ അടിസ്‌ഥാനത്തിൽ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രദേശത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. ഫ്ളോറിഡ ഗവർണർ റിക്സ് സ്കോട്ട് ജനങ്ങൾക്കായി പരമാവധി എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ കോസ്റ്റ് ഗാർഡുകളേയും സൈന്യത്തേയും അധികമായി വിന്യസിച്ചിട്ടുണ്ട്.



മയാമി നാഷണൽ ഹരികെയിൻ സെന്ററിൽ നിന്നും നിവാസികൾക്ക് കർശനമായ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഫോർട്ട് ലോഡർ, സെയിൻ, മയാമി ഇന്റർനാഷണൽ വിമാനത്താവളം എന്നിവിടങ്ങളിൽ കുറ്റമറ്റ രീതിയിൽ സുരക്ഷാക്രമീകരണങ്ങൾ നടന്നു വരുന്നു. ഏകദേശം 2500 ഫ്ളൈറ്റുകൾ ഇതിനോടകം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

നോർത്ത് കരോലിന ഗവർണ്ണർ പാറ്റ്മാക് ക്രോറി വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ജാക്സൻ വില്ലി, മോർഹേഡ്സിററി എന്നിവിടങ്ങളിൽ ശക്‌തമായ പേമാരിയും നാശനഷ്‌ടങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഗവർണർ തുടർന്നു പറഞ്ഞു.

ഡയറ്റോണ ബീച്ച്, വാൾട്ട് ഡിസ്നി, വേൾഡ് സീവേൾഡ് തുടങ്ങിയവകളിൽ നിന്നുള്ള സംരംഭകൻ തങ്ങളുടെ പ്രോഗ്രാമുകളിൽ മാറ്റം വരുത്തിയതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഡയറ്റോണ ബീച്ചിനും, മറ്റ് സമീപതീരപ്രദേശങ്ങളിലും ഉള്ള ഹോസ്പിറ്റലുകളിൽ നിന്നും, നേഴ്സിംഗ് ഹോമുകളിൽ നിന്നും രോഗികളെ മാറ്റിപാർപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

ഫ്ളോറിഡ ഡിവിഷൻ എമർജൻസി മാനേജ്മെന്റ് 48 ഷെൽട്ടറുകൾ അധികമായി തുറന്നുകൊടുത്തു. കൂടാതെ 13 ഷെൽട്ടറുകൾ കൂടി ഉടനെത്തന്നെ പ്രവർത്തനം ആരംഭിക്കും. ഹരികെയിൻ മാത്യുവിനെ കാറ്റഗറി നമ്പർ 4ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റ്റാമ്പായിലെ ഒട്ടുമിക്ക പബ്ലിക്ക് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജോർജിയായിലും പരിസരപ്രദേശത്തുമുള്ള അപകടമേഖലകളിൽനിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് ഗവർണർ നേതൻഡീൽ അറിയിച്ചു.

നാസാ കെന്നടി സ്പേസ് സെന്റർ വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. നാഷണൽ വെതർ സർവീസ് കാര്യക്ഷമമായ രീതിയിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നുണ്ട്.

പോലീസ് പെട്രോളിംഗും, സുരക്ഷാക്രമീകരണങ്ങളും സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് പോലീസ് ചീഫ് ഗ്രെഗ്മുള്ളൻ അറിയിച്ചു.

ഹെയ്ത്തിയിലേക്ക് അമേരിക്കാ ദുരിതാശ്വാസ നിവാരണത്തിനായി 9 ഹെലികോപ്റ്ററുകളും 100 സൈനികരേയും അയച്ചിട്ടുണ്ട്. അവിടെ നിരവധി പേർ ഭവനരഹിതരാവുകയും, മിക്കവരും താൽക്കാലികമായി അഭയാർത്ഥി കേന്ദ്രങ്ങളിലുമാണ് കഴിഞ്ഞുവരുന്നത്.

വൻതോതിലുള്ള നാശനഷ്‌ടങ്ങളും ദുരിതകെടുതികൾക്കും ഹരി കെയിൻ മാത്യു കാരണമാകുമോ എന്ന് അധികൃതർ ഭയപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇലക്ഷൻ പടിവാതിൽക്കൽ നിൽക്കുന്ന ഈ സമയത്ത്...

ക്യൂബ കടന്നതോടുകൂടി കാറ്റിന്റെ ശക്‌തി കുറഞ്ഞ്, മണിക്കൂറിൽ 190 കിലോമീറ്ററിലാണ് വീശിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതീക്ഷയ്ക്ക് വകനൽകുന്നു. സജി കരിമ്പന്നൂർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം