വിദേശമലയാളികൾക്ക് നിക്ഷേപ സാധ്യതകൾ ഒരുക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യും: കോടിയേരി ബാലകൃഷ്ണൻ
Friday, October 7, 2016 8:15 AM IST
അബുദാബി: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഗുണപ്രദമാകുംവിധം നിക്ഷേപ സാധ്യതകൾ ഒരുക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അബുദാബിയിൽ നടത്തിയ ഹൃസ്വ സന്ദർശനത്തിനിടെ കേരള സോഷ്യൽ സെന്ററിൽ ഒരുക്കിയ സൗഹൃദ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ പ്രവാസികൾക്കും ലഭ്യമാകും വിധം പരിഷ്കരിക്കും. കെഎസ്എഫ്ഇയുടെ നേതൃത്വത്തിൽ എൻആർഐ ചിട്ടികൾ ആരംഭിക്കും. കേരളത്തിന്റെ വികസന പദ്ധതികൾക്ക് ധനസമാഹരണം നടത്തുന്നതിനായി തുടങ്ങിയിരിക്കുന്ന കേരള ഇൻഫ്രാ സ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിൽ പ്രവാസികൾക്കും നിക്ഷേപം നടത്താനാകും വിധം നിയമനടപടികൾ സ്വീകരിക്കും. സാധാരണ പ്രവാസികളുടെ നിക്ഷേപങ്ങൾക്ക് മികച്ച പലിശ ലഭ്യമാകുകയും വികസനപരിപാടികളിൽ പങ്കാളിത്തം ലഭിക്കുകയും ചെയ്യുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാലിന്യമുക്‌ത കേരളം പദ്ധതിക്ക് സർക്കാർ വൻപ്രാധാന്യമാണ് നൽകുന്നത്. കേരളത്തിലെ പുഴകൾ, ജലാശയങ്ങൾ എന്നിവ മാലിന്യ മുക്‌തമാക്കാനും സംരക്ഷിക്കാനും പ്രത്യേക പദ്ധതികൾക്കു രൂപം കൊടുത്തിട്ടുണ്ട്. കൃഷിക്ക് അനുയോജ്യമായ എല്ലാ സ്‌ഥലങ്ങളിലും കൃഷി വ്യാപിപ്പിക്കും. തരിശു ഭൂമികളിൽ ഉടമസ്‌ഥാവകാശം നിലനിർത്തിക്കൊണ്ടു തന്നെ പഞ്ചായത്തുകൾ കൃഷി നടത്തും.

ഉദ്യോഗസ്‌ഥ തലത്തിൽ അഴിമതി കുറയ്ക്കാനാകുന്ന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുകയാണ്. സ്‌ഥലമാറ്റങ്ങൾക്കു പുതിയ മാനദണ്ഡങ്ങൾ ഉടനുണ്ടാകും. വീടുകളും കടകളും പണിതപ്പോൾ ഉണ്ടായ പിഴവുകൾക്ക് ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നത് അവസാനിപ്പിക്കാൻ അത്തരം കെട്ടിടങ്ങൾക്കു പിഴ ചുമത്തി നമ്പർ നൽകാനും തീരുമാനിച്ചിട്ടുണ്ട്. അന്യ സംസ്‌ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും അവർക്കു രജിസ്ട്രേഷൻ ഏർപ്പെടുത്താനും നടപടിയുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കെഎസ്സി പ്രസിഡന്റ് പി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കെ.ബി. മുരളി ചടങ്ങിൽ സന്നിഹിതനായിരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള