ട്രംപിന്റെ ഏഷ്യൻ പസഫിക് അമേരിക്കൻ അഡ്വൈസറി കമ്മിറ്റിയിൽ മൂന്ന് ഇന്ത്യക്കാർ
Thursday, October 6, 2016 6:53 AM IST
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ഒരു മാസം മാത്രം അവശേഷിക്കെ, ഇന്ത്യൻ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനു റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് മൂന്ന് ഇന്ത്യൻ–അമേരിക്കൻ വംശജരെ അഡ്വൈസറി കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു.

മുപ്പതംഗ കമ്മിറ്റിയിൽ പുനിറ്റ് അലുവാലിയ (വിർജിനിയ), കെ.വി. കുമാർ (കലിഫോർണിയ), ഷലാസ് കുമാർ (ഇല്ലിനോയ്) എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യൻ– അമേരിക്കൻ ബന്ധങ്ങൾ ശക്‌തിപ്പെടുന്നതിനും ഇന്ത്യൻ വംശജരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും മുന്തിയ പരിഗണന ലഭിക്കുന്നതിനിടയാക്കുമെന്ന് ഇല്ലിനോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ ഹിന്ദു കോയലേഷൻ സ്‌ഥാപകൻ ഷലാസു കുമാർ പറഞ്ഞു

കുമാർ ഒരു മില്യൻ ഡോളറാണ് ട്രംപിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുള്ളത്. അമേരിക്കൻ ജനതയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് അതിനിർണായകമാണെന്ന് അലുവാലിയ പറഞ്ഞു. വിദ്യാഭ്യാസ തൊഴിലവസര വിഷയങ്ങളിൽ ഇന്ത്യൻ വംശജരുടെ ആശങ്ക അകറ്റാൻ ട്രംപ് ഭരണ കൂടത്തിന് കഴിയുമെന്ന് കെ.വി. കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എട്ടു വർഷത്തെ ഒബാമയുടെ ഭരണത്തിൽ തകർന്ന് തരിപ്പണമായ അമേരിക്കൻ സമ്പദ് വ്യവസ്‌ഥയെ പുനരുദ്ധരിക്കുന്നതിനും അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പിക്കുന്നതിനും ട്രംപ് പരമാവധി ശ്രമിക്കുമെന്ന് മൂവരും അവകാശപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ